മലപ്പുറം : കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി റോഡ് ഉപരോധിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പി. അമീര്‍ അലി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി.എ. റൗഫ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
കസ്റ്റഡിയില്‍ എടുത്തതിനെതിരെ എസ്ഡിപി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മലപ്പുറത്തും സമരം സംഘടിപ്പിച്ചിരിക്കുന്നത്.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, അനുമതി ഇല്ലാതെ റോഡ് ഉപരോധിച്ച് സമരം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ഞൂറോളം എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
















