ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും വനിതകളുടെ ആറാം സീഡ് പെട്ര ക്വിറ്റോവയും യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം യുവ താരമായ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് പുറത്തായി.
പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ ഇരുപത്തിയെട്ടാം സീഡായ യാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-3, 6-1. മത്സരം ഒരു മണിക്കൂര്‍ നാല്‍പ്പത്തിരണ്ട് മിനിറ്റ് നീണ്ടു.
ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍ ഇരുപതാം സീഡായ പബ്‌ളോ കരേനോ ബസ്റ്റയെ നേരിടും. റിച്ചാര്‍ഡ് ബെറാന്‍കിസിനെ തോല്‍പ്പിച്ചാണ് പബ്‌ളോ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-4,6-3,6-2.
നാലാം സീഡായ സിറ്റ്‌സിപാസിനെ മൂന്നാം റൗണ്ടില്‍ ഇരുപത്തിയേഴാം സീഡായ ബോണ കോറിക് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് അട്ടിമറിച്ചു. സ്‌കോര്‍ : 4-6, 6-4, 5-7, 6-7. മത്സരം നാലര മണിക്കൂര്‍ നീണ്ടു.
വനിതാ വിഭാഗത്തില്‍ ആറാം സീഡായ പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ജെസിക്കയെ പരായജപ്പെടുത്തി. സ്‌കോര്‍: 6-4, 6-3.
ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണയും കാനഡയുടെ ഡെനിസ് ഷാപോലോവും ചേര്‍ന്ന സഖ്യം പുരുഷന്മാരുടെ ഡബിള്‍സിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ അവര്‍ അമേരിക്കയുടെ ഏണസ്‌റ്റോ- നോവ റൂബിന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-2, 6-4.
















