സ്റ്റുട്ടഗര്ട്ട്, ജര്‍മനി: കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ ജോസ് ലൂയിസ് ഗയ നേടിയ ഗോളില്‍ സ്പെയിന് ശക്തരായ ജര്‍മനിയെ സമനിലയില്‍ പിടിച്ചുനിര്‍ത്തി. യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ സ്പെയിനും ജര്‍മനിയും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കുവച്ചു.
ചെല്‍സിയിലേക്ക് പുതുതായെത്തിയ ടിമോ വെര്‍ണര്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആതിഥേയരായ ജര്‍മനിയെ മുന്നിലെത്തിച്ചു. ഈ ഒറ്റ ഗോളിന്റെ മികവില്‍ ജര്‍മനി വിജയത്തിലേക്ക് നീങ്ങിയതാണ്. പക്ഷെ അധികസമയത്ത് ജര്‍മനിയുടെ വിജയ പ്രതീക്ഷകള്‍ തച്ചുടച്ച് ജോസിന്റെ ഗോള്‍ പിറന്നു. അവസാന വിസിലിന് തൊട്ടുമുമ്പാണ് ജോസ് സ്കോര്‍ ചെയ്തത്.
അവസാന നിമിഷം വരെ ഞങ്ങള്‍ പോരാടി. മികച്ച ഫലവും നേടാനായെന്ന് സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ രാമോസ് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പോരാട്ടം തന്നെ കാഴ്ചവച്ചു. ഇരു ഗോള്‍ മുഖത്തും പന്ത് കയറിയിറങ്ങി. എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജര്‍മനി മുന്നിലെത്തി. അമ്പത്തിയൊന്നാം മിനിറ്റില്‍ റോബിന് ഗോസന്റെ പാസ് മുതലാക്കി വെര്‍ണര്‍ സ്കോര്‍ ചെയ്തു. പിന്നീട് ലീഡ് ഉയര്‍ത്താനായി ജര്‍മനി പോരാട്ടം മുറുക്കിയെങ്കിലും സ്പാനിഷ് പ്രതിരോധനിര ശക്തമായി പ്രതിരോധിച്ചു. അധികസമയത്ത് ഗോളും നേടി സ്പെയിന് സമനില പിടിച്ചു.
ഗ്രൂപ്പ് ജിയില്‍ റഷ്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സെര്‍ബിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് എച്ചില് ബള്‍ഗേറിയ അയര്‍ലന്‍ഡിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തി (1-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: