ധ്യാനത്തിന്റെ ധന്യധന്യമായ നിമിഷങ്ങളിലൂടെ ജ്ഞാനത്തിന്റെയും യോഗാത്മക വൈഭവത്തിന്റെയും വിഭൂതി കൈവരിച്ച ഋഷികവിയാണ് അഖാ. മധ്യകാല ഗുജറാത്തി കവികളുടെ ആചാര്യസ്ഥാനീയനാണ് ഈ മനീഷി. പ്രേമ- ഭക്തിരസത്തിലൂടെയാണ് ആ കാവ്യസാമ്രാജ്യം പുകള്‍പെറ്റത്. ഗുജറാത്തിലെ കബീര്‍ എന്ന കീര്‍ത്തിനാമം ആ ശിരസ്സില്‍ നക്ഷത്രത്തിളക്കമേകുന്നു.
അംദാബാദില്നിന്ന് അകലെയല്ലാത്ത തേജന്പൂരിലെ രഹിയാദാസിന്റെ പുത്രനായി 1647ലാണ് അഖായുടെ ജനനം. ശൈശവത്തില്‍ത്തന്നെ ലൗകികദുഃഖങ്ങളും ദുരന്തങ്ങളും താണ്ടിയാണ് അഖാ ജീവനശ്രേണികള് പിന്നിടുന്നത്. മാതാപിതാക്കന്മാരുടെയും സഹോദരിയുടെയും വേര്‍പാടുണ്ടാക്കിയ വേദനയില്‍ അദ്ദേഹം നീറി. വിവാഹിതനായെങ്കിലും ഇരുഭാര്യമാരും താമസംവിനാ കാലഗതി
പ്രാപിക്കുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ട അഖാ താമസിയാതെ ക്ഷേത്രാടനങ്ങളില്‍ മുഴുകി. കാശിയില്‍ ദുഃഖഭാണ്ഡമഴിച്ച് തപസ്സമാധിയില്‍ ഏറെനാള്‍ കഴിഞ്ഞു. താമസിയാതെ വൈഷ്ണവ വിഭൂതിയുടെ പ്രത്യയങ്ങളിലേക്ക് ആ ഹൃദയം ആഴ്ന്നിറങ്ങി. ദാംദൂപന്ഥ് ഭക്തിമാര്‍ഗത്തിലെ അവധൂത ഗുരുവായ ജഗ്ജീവന്ദാസിനെ ഗുരുവായി അഖാ സ്വീകരിക്കുകയായിരുന്നു. അനുയായികളുടെ മഹാനിര ഉണ്ടായിരുന്നെങ്കിലും അവരെക്കുറിച്ചുള്ള സുവ്യക്തമായ രേഖകളില്ല.
ഗുജറാത്തിയിലും ഹിന്ദിയിലുമായി അഖായുടെ ആത്മീയസമ്പത്തിന്റെ അക്ഷരസാക്ഷ്യം മതജാതിക്കതീതമായ മൂല്യങ്ങളില്‍ ശോഭിതമായി. ഹിന്ദിയില്‍ അക്ഷയരസ് എന്ന ഉജ്ജ്വലഗ്രന്ഥം നവീനകാലത്ത് പുനഃപ്രകാശിതമായി. കൃതിയിലെ നിത്യനൂതനമായ ജീവനകൗതുകങ്ങളുടെ ലാവണ്യത്തികവാണിതിനാധാരം. ശ്രീ ഏകലക്ഷ രമണി, കുണ്ഡലിയാ, ജകഡ്, ബ്രഹ്മലീല, ഭജന്‍ സന്ത് പ്രിയ, സാഖീയ തുടങ്ങിയ പത്ത് അധ്യായങ്ങള്‍ അഖായുടെ അപൂര്‍വമായ യോഗപ്രകൃതിയുടെ ആരാധ്യമായ അനുഭവാനുഭൂതിയാണ്.
സന്ത് മതത്തിന്റെ പ്രവാചകനായ കബീറിന്റെ ദര്ശനഛായ അഖായുടെ ജീവിതവീക്ഷണത്തില്‍ ഒളിമിന്നുന്നുണ്ടെങ്കിലും മൗലികമായ ജ്ഞാനസരണിയിലാണ് ആ കാവ്യപ്രതിഭ സഞ്ചരിച്ചത്. സത്യകാമവും സത്യസങ്കല്‍പ്പവും സത്യസ്വരൂപവുമാണ് ആത്മാവ്. അതിന്റെ അനുഭവപ്രത്യയത്തിനായി കര്‍മസരണിയുടെ വിശുദ്ധീകരണമാണ് വേണ്ടതെന്ന് അഖായുടെ ജീവിതപാഠം തെളിയിക്കുന്നു. സമൂഹത്തെ ചലനാത്മകമാക്കുക, ഏകീകരിക്കുക, വിശ്രാന്തിയുടെ വിഭൂതിയില്‍ ലയിപ്പിക്കുക എന്ന മഹാലക്ഷ്യത്തിലൂടെയായിരുന്നു ആ കാവ്യജീവനസഞ്ചാരം.
ഏകാന്തതയുടെ ആത്മവൈഖരിയില് ആത്മീയ ജ്യോതിസായി അഖാ ജ്ഞാാനക്ഷരങ്ങള് പകര്‍ന്നു. അഭേദചിന്തയുടെ ആലക്തിക ചൈതന്യമാണ് ആ കര്‍മകാണ്ഡത്തെ മാനവികതയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്. സംസ്കൃതിയുടെ നവീകരണം അഖാ നിര്‍വഹിക്കുന്നത് മൗനമാനത്തിലൂടെയാണ്. ഗുജറാത്തിന്റെ ആ യോഗാത്മകവേണു ഇന്നും ഭക്തിഗീതയായൊഴുകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: