ക്ഷണിക ജീവിതത്തിന്റെ മിന്നല്‍പ്പിണരില്‍ ആത്മീയ ധന്യതയുടെ അമരപ്രകാശം വിടര്‍ത്തിയ പ്രതിഭകള്‍ ഭാരതീയാധ്യാത്മവിദ്യയുടെ നിത്യവിസ്മയമാണ്. സന്ത് ജസ്നാഥ്, സ്വകീയമായ ഭക്തിധാരയ്ക്കാണ് ശില്പവിധാനമേകിയത്. ഭാരതീയ സംസ്കൃതിയുടെ യൗഗികവും സാധനാ സങ്കല്പവും ചേര്‍ന്ന മോക്ഷമാര്‍ഗമാണ് ജസ്നാഥ് സ്വീകരിക്കുന്നത്. ‘ജസ്നാഥീയ സമ്പ്രദായ’ മെന്ന പേരില്‍ അത് ഭക്തിധാരയുടെ മഹാനദിയായി പ്രവഹിക്കാന്‍ തുടങ്ങി.
ബിക്കാനീറിലെ കതരിയാസര് ജില്ലയിലെ പ്രഭുവായിരുന്ന ജാണീജാഠ് ഹമീര്ജിയുടെ ദത്തുപുത്രനാണ് ജസ്വന്ത്. ആദ്യകാലം ഒട്ടകത്തെ മേയ്ക്കുന്ന ജോലിയിലായിരുന്നു. ഇതിനിടയിലൊരു ദിവസം പുല്മേട്ടില് അമാനുഷ പ്രഭയുള്ള ഒരു യോഗി ധ്യാനമിരിക്കുന്നത് ജസ്വന്തിന്റെ കണ്ണില്‍ പെട്ടു. ഗുരു ഗോരക്നാഥായിരുന്നു അത്. ഗുരുവിന്റെ ഉപദേശമന്ത്രണം ആ ബാലഹൃദയത്തെ പവിത്രമാക്കി. ഒട്ടകത്തെ മേയ്ക്കുന്ന ചൂരല്‍വടി ആ നിമിഷം തന്നെ ഉപേക്ഷിച്ച ജസ്വന്ത് ഗുരൂപദേശത്തിന്റെ യോഗാത്മക വഴികളില്‍ ചരിക്കുകയായി. പദ്മാസന ബന്ധിതനായുള്ള അപൂര്‍വമായ സാധനാപര്വം ജസ്വന്തിന്റെ തപസ്സിനെയും പഠനമനനങ്ങളെയും ത്യാഗപൂര്‍ണമായ ജീവനരീതിയെയും പുനഃസൃഷ്ടിക്കുന്നതായിരുന്നു.
ഒടുക്കം മഹാജ്ഞാനലബ്ധിയില്‍ യുവയോഗിയുടെ തപോലക്ഷ്യം പൂര്‍ണമായി. തുടര്‍ന്നുള്ള യൗഗിക സഞ്ചാര പദ്ധതിയില്‍ സമൂഹം നേരിടുന്ന നിര്‍ണായക പ്രശ്നങ്ങളും പരിഹാര വൃത്തിയും ഉള്‍ച്ചേരുകയായിരുന്നു. ജാതിക്കോയ്മയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിയ സമുദായത്തില്‍ ‘ജസ്നാഥീ സമ്പ്രദായം’ ആശയും ആവേശവും വളര്‍ത്തി. ആ ദര്‍ശന സമീക്ഷയില്‍ സാമുദായിക ഐക്യവും മനുഷ്യസ്നേഹവും മാനവികതാ പ്രമാണങ്ങളും നവപരിണതിയുടെ ചിറകുകളായി മാറി.
ഈ യാത്രയില്‍ കലാദേവി എന്ന യുവതിയുമായുള്ള വിവാഹ നിശ്ചയം നടന്നെങ്കിലും അത് മുടങ്ങുകയായിരുന്നു. എന്നാല്‍ കലാദേവി ജസ്നാഥിനെ ജീവനാഥനായി സങ്കല്പിച്ച് ജീവിച്ചുവെന്ന് ഗവേഷകര്‍ കൗതുകത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും ജസ്നാഥീ സമ്പ്രദായം ഭക്തിധാരയുടെ സംഗീതം പൊഴിക്കുന്നു. രാജസ്ഥാനിലെ കതരിയാസര്, വ്യലു, ലിഖ്മാദേസര് എന്നിവിടങ്ങളില്‍ ഗ്രാമീണോല്സവങ്ങളായും നാടന്കലാപ്രകടനങ്ങളായും ഈ പദ്ധതിയുടെ ആന്ദോളനങ്ങള്‍ ഉണര്‍ന്നുയരുന്നു. കഛ്, ഭുജ്, പഞ്ചാബ് എന്നീ പ്രദേശങ്ങളിലും ഭക്തിയുടെ മന്ദാരങ്ങളായി ജസ്നാഥീ മാര്‍ഗം വിരിയുന്നുണ്ട്.
കൂരിരുട്ടില്‍ ഒറ്റയ്ക്കു നിന്ന് കത്തുന്ന അത്ഭുത വിളക്കിന്റെ പ്രകാശമാണ് സന്ത്ജസ്നാഥ്. പൈതൃകപെരുമയുടെ ഇന്ധനമാണ് ഈ ജ്യോതിയെ കെടാതെ സൂക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: