ചിങ്ങപ്പുലരിയില്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നത് ഹിന്ദിയിലല്ല. മലയാളികള്‍ ഹിന്ദി കേട്ടാല്‍ നെറ്റിച്ചുളിക്കുന്നതുകൊണ്ടല്ല. മലയാളികളില്‍ കനിമൊഴികളില്ലല്ലൊ. മലയാളത്തിലെ എല്ലാ മൊഴികളും കേള്‍ക്കാന്‍ ഇമ്പമുള്ളതാണെന്ന് പണ്ടേക്ക് പണ്ടേ പറഞ്ഞു കേള്‍ക്കാറുണ്ട്. തെറിയാണെങ്കിലും വഴക്കാണെങ്കിലും പ്രശംസയായാലും മലയാളത്തിലാകുമ്പോള്‍ അതിന് സൗന്ദര്യം കൂടും.
വഞ്ചകന്‍ എന്നു കേട്ടാല്‍ ആര്‍ക്കെങ്കിലും കോപം വരുമോ? ശിവശങ്കര്‍ പോലും അത് നന്നായി ആസ്വദിക്കും. താന്‍ കാലങ്ങളായി ചെയ്തുപോന്ന തൊഴിലിന് ഇത്രയും ഭംഗിയുള്ള പദം ഉപയോഗിച്ചതില്‍ സുധാകരന്‍ മന്ത്രിയോട് ശിവശങ്കര്‍ ചോദിച്ചു കാണും. ‘നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ’ എന്ന്. ശിവശങ്കരന്‍ കള്ളനാണെങ്കില്‍ കള്ളന് കഞ്ഞിവച്ചയാളാകും എന്ന് പറയേണ്ടതില്ലല്ലൊ.
ഇതേ സുധാകരന്‍ മന്ത്രിക്ക് ഐഎഎസ് എന്ന് കേട്ടാ കലിപ്പാണ്. പണ്ടൊരു ഐഎഎസുകാരനുമായി സുധാകരന്‍ മന്ത്രി കട്ട കലിപ്പിലായിരുന്നു. അപ്പോഴാണ് മന്ത്രിയുടെ വക പുതിയൊരു വിശേഷണ പദം മലയാളികള്‍ക്ക് പരിചിതമായത്. ‘പട്ടിയുടെ കഴുത്തില്‍ ഐഎഎസ് എന്ന് എഴുതിയ ബോര്‍ഡ് കെട്ടി തൂക്കിയാല്‍ ഐഎഎസ് ആകുമോ’ എന്ന്. മന്ത്രിയെപ്പോലെ വാക്കുകള്‍കൊണ്ട് അമ്മാനമാടാന്‍ വശമില്ലാത്ത ആ ഐഎഎസുകാരന്‍ മലയാളികള്‍ക്കുള്ള സേവനം മതിയാക്കി ഇന്ദ്രപ്രസ്ഥത്തിലേക്ക് വച്ചുപിടിച്ചു.
മലയാളികള്‍ മറന്നുപോകാനിടയുള്ള പദപ്രയോഗങ്ങള്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും ബഹുമാന്യരായ നേതൃവര്യന്മാരും ഇടയ്‌ക്കിടെ ഓര്‍മിപ്പിക്കാറുള്ളതാണ് മലയാളികളുടെ ഒരു ഭാഗ്യം. ‘പരനാറി’ എന്ന പ്രയോഗം കേള്‍ക്കാണ്ടായിട്ട് എത്ര കാലമായതാണ്? അത് ഓര്‍മിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രി തന്നെ വേണ്ടിവന്നില്ലെ? ‘നികൃഷ്ട ജീവി’യെന്ന് കേള്‍ക്കാതായിട്ട് ദശാബ്ദങ്ങള്‍ തന്നെ ആയിരുന്നതാണല്ലൊ. അതുപോലെ പുതുതലമുറക്ക് അപരിചിതമായിരുന്നു ‘കുലംകുത്തി.’
‘പോഴന്‍’ ആര്‍ക്കറിയാം ഈ വാക്കിന്റെ അര്‍ത്ഥം! ഒരു മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ അംഗത്തെ സ്‌നേഹപൂര്‍വം കളിയാക്കിയത് അങ്ങനെയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം വരെ ലഭിക്കാന്‍ ഒരു നേതാവിനെ യോഗ്യനാക്കിയ പ്രയോഗം എന്തായിരിക്കും! ഒരു ന്യായാധിപനെ ‘ശുംഭന്‍’ എന്ന് വിളിക്കാന്‍ അല്ലറ ചില്ലറ ധൈര്യം മതിയോ? ആ ധൈര്യമാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തെത്തിച്ചത്. അങ്ങനെ ധീരവീര പരാക്രമികളാണ് മലയാളത്തിന്റെ ഓജസ്സും തേജസ്സും എന്നുതന്നെ പറയാനും ആളുണ്ടായേക്കും.
യുഡിഎഫിന് അനുകൂല സാഹചര്യം വന്നുപോയി എന്ന് പറയുന്നത് ആരെന്നല്ലെ. കേരളത്തിന്റെ ആദര്‍ശധീരന്‍. എ.കെ. ആന്റണി. ഞാറ്റുവേലയായാല്‍ പിന്നെ വിത്ത് ഇറക്കാന്‍ വൈകേണ്ട. വച്ച് പിടിക്കാം കേരളത്തിലേക്ക്. ഇവിടെ നഷ്ടമുണ്ടാകുമ്പോള്‍ അവിടെ നേട്ടമുണ്ടാക്കുക അതാണല്ലൊ നമ്മുടെ ഒരു സ്റ്റൈല്‍. കേന്ദ്ര ഭക്ഷ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് വണ്ടി കയറിയത് മുഖ്യമന്ത്രി കസേര കിട്ടുമെന്നുറപ്പായപ്പോഴാണെന്ന് ആര്‍ക്കാണറിയാത്തത്. അനുകൂല സാഹചര്യമെന്ന ആഹ്ലാദത്തിലാണല്ലൊ ഉറ്റവരായ നേതാക്കള്‍ ഇന്നലെ വടക്കഞ്ചേരിക്ക് വച്ച് പിടിച്ചത്. 20 കോടിയുടെ ഫഌറ്റ് നിര്‍മാണത്തിന് ഒരു കോടി രൂപ ഒരു തട്ടിപ്പുകാരിക്ക് കമ്മീഷന്‍ നല്‍കുക എന്നത് നിസ്സാരകാര്യമല്ലേയല്ല. അത് കാണണം. തട്ടിപ്പുകാരെ പൂട്ടണം എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. പക്ഷേ ‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്ന് എങ്ങനെ പറയും സാര്‍.
നാലുവര്‍ഷം മുന്‍പ് സരിതയുടെ വിശേഷങ്ങള്‍ മാത്രമാണോ പ്രശ്‌നം! പാലാരിവട്ടവും നമ്മുടെ മുന്നിലില്ലെ. ആ പാലം പണി എന്തായി. അടിച്ചുമാറ്റിയ 10 കോടി ഇപ്പോള്‍ ഏടാകൂടമായില്ലെ. ഇബ്രാഹിംകുഞ്ഞ് എന്ന മുന്‍മന്ത്രിക്കെതിരെ നടത്തുന്ന അന്വേഷണം തുടരുമെന്നല്ലെ ഹൈക്കോടതിയുടെ ഉത്തരവ്. പാലാരിവട്ടം മറന്ന് വടക്കഞ്ചേരിക്ക് വണ്ടി കയറുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ. ഒരേ വണ്ടിക്ക് കെട്ടാവുന്ന കാളകളല്ലെ രണ്ടു മുന്നണികളും എന്ന് പറയുന്നതല്ലെ ശരി. തര്‍ക്കുത്തരവും തമാശയും ചീത്ത വാക്കുകളുംകൊണ്ട് രക്ഷപ്പെടാന്‍ പറ്റുന്നതല്ല കേരളത്തിന്റെ കാലാവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: