സ്വര്‍ണക്കടത്ത് കേസ് ന്യായീകരിക്കാന്‍ സിപിഎം തയ്യാറാക്കിയ ലഘുലേഖയില്‍ നുണകളുടെ ഘോഷയാത്ര. കേസില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും പ്രതിക്കൂട്ടിലായതോടെയാണ് ഗൃഹസമ്പര്‍ക്കത്തിനായി നാല് പേജുള്ള ലഘുലേഖ തയ്യാറാക്കിയത്. പാര്‍ട്ടി പത്രവും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കളും ഉയര്‍ത്തുന്ന പരിഹാസ്യമായ വാദങ്ങള്‍ തന്നെയാണ് ഇതിന്റെയും ഉള്ളടക്കം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിന് യുഡിഎഫും ബിജെപിയും ഒരു സംഘം മാധ്യമങ്ങളും ബോധപൂര്‍വ്വം നുണപ്രചാരവേല നടത്തുകയാണെന്ന വാദം നോട്ടീസിലും ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമം ന്യായീകരിക്കാന്‍ വിചിത്ര വാദങ്ങളെയാണ് സിപിഎം കൂട്ടുപിടിച്ചിട്ടുള്ളത്.
പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മുഖ്യമന്ത്രി പുറത്തുനിന്നും തെരഞ്ഞെടുത്തതാണെന്നും എന്നാല്‍ ശിവശങ്കര്‍, ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. ‘സസ്പെന്ഷന് തന്നെ വൈകിയില്ലേ’ എന്ന ചോദ്യത്തിന് നല്കുന്ന മറുപടി ഇങ്ങനെ: ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും രാഷ്ട്രപതിയാണ്. സംസ്ഥാന സര്‍ക്കാരിന് പരമാവധി ചെയ്യാവുന്നത് സസ്പെന്‍ഷനാണ്. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ ചെയ്യാവുന്ന ഏറ്റവും വലിയ നടപടി സ്വീകരിച്ചു.
എന്നാല്‍ ഈ നടപടി സ്വീകരിക്കാന്‍ എന്തുകൊണ്ടാണ് വൈകിയെന്നതില്‍ വിശദീകരണമില്ല. തുടക്കത്തില്‍ ശിവശങ്കറിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും ചെയ്തത്. പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ഇടതുപക്ഷവുമായി ബന്ധമുള്ള ആരും പ്രതിപ്പട്ടികയില്‍ ഇല്ലെന്നുമാണ് മറ്റൊരു വാദം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പ്രതിയായ സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനവുമാണ് സ്വര്‍ണക്കടത്തിന് രാഷ്ട്രീയ മാനം നല്‍കിയത്. എന്നാല്‍ ‘സരിതയല്ല സ്വപ്ന’ എന്നാണ് ഇതിന് ലഘുലേഖ നല്കുന്ന ന്യായം. ശിവശങ്കര്‍ ഐഎഎസ്സുകാരനാണെങ്കിലും പാര്‍ട്ടി തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതെന്നതും മറച്ചുവെക്കുന്നു. സ്വപ്നയ്ക്ക് സര്‍ക്കാരിന്റെ ഒരു വകുപ്പിലും ജോലി നല്‍കിയിട്ടില്ലെന്ന് അവകാശപ്പെടുന്ന സിപിഎം സ്പേസ് പാര്‍ക്കില്‍ ജോലി ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടതില്‍ മൗനം പാലിക്കുന്നു. മുഖ്യമന്ത്രിയുടെ ഐടി ഫെലോയായിരുന്ന അരുണ്‍ ബാലചന്ദ്രന്റെ നിയമനവും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനവും സംബന്ധിച്ച് പരാമര്‍ശമില്ല. ദുര്‍ബലമായ വാദങ്ങളാണ് ലഘുലേഖയിലെന്ന് പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ മാത്രമേ ഗൃഹസമ്പര്‍ക്കം ഉപകരിക്കൂവെന്നാണ് അവര്‍ വിശദീകരിക്കുന്നത്.
ജലീലിനും ശ്രീരാമകൃഷ്ണനും ന്യായീകരണമില്ല
സ്വര്‍ണക്കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും ന്യായീകരിക്കാതെ ലഘുലേഖ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മാത്രമാണ് വിശദീകരണം. സ്വന്തം വകുപ്പിന് കീഴിലുള്ള സി ആപ്ടിന്റെ വാഹനത്തില്‍ സ്വര്‍ണം കടത്തിയെന്ന കുറ്റമാണ് ജലീലിനെതിരെ ഉയര്‍ന്നിട്ടുള്ളത്. കടത്തിയത് ഭക്ഷ്യക്കിറ്റാണെന്ന് ആദ്യം അവകാശപ്പെട്ട ജലീല്‍ പിന്നീട് ഖുറാനെന്ന് തിരുത്തി. മതവികാരത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടാനുള്ള വഴിയാണ് മന്ത്രി തേടുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് യുഎഇ എംബസ്സിയുമായി ബന്ധപ്പെട്ടതിലും അന്വേഷണം നേരിടുന്നുണ്ട്. കേസിലെ പ്രതിയായ സന്ദീപ് നായരുടെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്തതില്‍ സ്പീക്കര്‍ വിവാദത്തിലായിരുന്നു. സ്വപ്ന ക്ഷണിച്ചിട്ടാണ് പോയതെന്ന് പറഞ്ഞ ശ്രീരാമകൃഷ്ണന് തനിക്ക് വീഴ്ച സംഭവിച്ചുവെന്ന് പിന്നീട് തുറന്നുസമ്മതിച്ചു.
ആര് വിശ്വസിക്കാന്‍
ഈ ലഘുലേഖ ആര് വായിക്കാനാണ്? ഇനി വായിച്ചാലും ആര് വിശ്വസിക്കാനാണ്? ജനങ്ങള്‍ വിവരവും വിവേകവുമുള്ളവരാണ്. കേരളത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ദേശാഭിമാനി പത്രം നിര്‍ബന്ധപൂര്‍വ്വം ഇടുന്നുണ്ട്. അതില്‍ ഒരു പത്തു ശതമാനം ആളുകള്‍ പോലും പത്രം കൈ കൊണ്ടു തൊടുക പോലും ചെയ്യുന്നില്ല. പിന്നല്ലേ വായിക്കുന്നത്. വീടുകളില്‍ ഇടുന്നത് പല മുതലാളിമാരും സ്പോണ്സര് ചെയ്യുന്ന കോപ്പികളാണ്. കടകളിലും സ്ഥാപനങ്ങളിലും ഉടമകളെ ഭീഷണിപ്പെടുത്തി വരിക്കാരാക്കുന്നതാണ്. സകലമാന സര്‍ക്കാര്‍ പരസ്യങ്ങളും നാട്ടിലുള്ള മുഴുവന്‍ മുതലാളിമാരുടെ പരസ്യവും കിട്ടിയിട്ടും കൈരളി ചാനലിന്റെ ടിആര്‍പി റേറ്റിംഗ് പത്താം സ്ഥാനത്താണ്. അതും പതിനൊന്നാമത് വേറൊരെണ്ണം ഇല്ലാത്തതുകൊണ്ട്. ബംഗാളിലേയും ത്രിപുരയിലേയും ഗതിയാണ് വരാന്‍ പോകുന്നതെന്ന് പിണറായി വിജയന് നന്നായറിയാം. അതുകൊണ്ടാണ് നേരം വെളുക്കുവോളം കക്കുന്നത്. മല്‍സരിച്ച് കക്കുകയാണ് നേതാക്കളെല്ലാം. പഴഞ്ചൊല്ലില്‍ പതിരില്ലെന്നൊക്കെ പറയാം പക്ഷെ പലനാള്‍ കള്ളന് ഒരു നാള് പിടിക്കപ്പെടുമെന്നത് സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലൂടെ തെളിഞ്ഞിരിക്കുകയാണ്. നന്ദിഗ്രാമും അഴിമതിയും ബംഗാളിനേയും തൊഴിലില്ലായ്മയും പട്ടിണിയും ത്രിപുരയേയും സ്വാധീനിച്ചെങ്കില്‍ ഇതെല്ലാം ഒരുമിച്ചു വന്നതാണ് കേരളത്തിലെ സിപിഎമ്മിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്കു കാരണമാവാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: