തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുവഴി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തില്‍ അന്വേഷണം കടുപ്പിച്ച് കസ്റ്റംസ്. മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വന്ന പാഴ്സലുകളെക്കുറിച്ചും അന്വേഷണം. പ്രതികളുടെ ഫോണ്‍ വിളികളുടെ വിശദാംശം ആവശ്യപ്പെട്ട് ബിഎസ്എന്‍എല്ലിനും കസ്റ്റംസ് സമന്‍സ് അയച്ചു.
നയതന്ത്ര ബാഗേജുകളിലൂടെ സ്വര്‍ണവും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകളും എത്തിച്ചിരുന്നുവെന്ന് സ്വര്‍ണക്കടത്തിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു. ദുബായ് കോണ്‍സുലേറ്റ് വഴി 250 ബണ്ടിലുകളിലായി മതഗ്രന്ഥങ്ങള്‍ എത്തിയെന്നും അത് സി-ആപ്ടിന്റെ വാഹനത്തില്‍ മലപ്പുറത്ത് വിതരണം ചെയ്തുവെന്നും മന്ത്രി കെ.ടി. ജലീലും സമ്മതിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ നയതന്ത്ര ചാനല്‍ വഴിയുള്ള പാഴ്സല്‍ ഇടപാടുകളുടെ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചിരിക്കുന്നത്. നയതന്ത്ര ബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്കണമെങ്കില് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. നയതന്ത്രബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ റിപ്പോര്‍ട്ടില്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ ഒപ്പിട്ടാല്‍ മാത്രമേ ബാഗ് വിട്ടുനല്‍കാന്‍ കഴിയുകയുള്ളൂ.
നയതന്ത്രപാഴ്സല്‍ വഴി മതഗ്രസ്ഥങ്ങള്‍ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നല്‍കാനുള്ള സാക്ഷ്യപത്രം നല്‍കാനോ കഴിയില്ലെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്ക് പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കഴിഞ്ഞ രണ്ടു വര്‍ഷമായി കോണ്‍സുലേറ്റില്‍ നിന്നും നയതന്ത്രബാഗുകളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.
ചില പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ കസ്റ്റംസിന് നല്കാന് ബിഎസ്എന്‍എല്ലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തത്തിന് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജരോട് നേരിട്ടെത്തി വിശദീകരണം നല്കാന് ആവശ്യപ്പെട്ടും കസ്റ്റംസ് സമന്‍സ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: