ആലപ്പുഴ: ക്വാറന്റൈനില്‍ കഴിയവെ രോഗബാധിതനായ പ്രവാസി ആശുപത്രിയില്‍ പോകാന്‍ വാഹനം ലഭിക്കാത്തതിനാല്‍ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു. ചെങ്ങന്നര്‍ പുലിയൂര് ഒന്‍പതാം വാര്‍ഡ് ചേരിയില്‍ വടക്കേതില്‍ പദ്മകുമാറാ (54)ണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ദുബായില്‍ നിന്ന് നാട്ടിലെത്തിയ പത്മകുമാര്‍ ക്വാറന്റൈനില്‍ താമസിക്കുന്നതിനാണ് രാമങ്കരിയിലുള്ള ഭാര്യ ജയശ്രീയുടെ വീട്ടിലെത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലിന് അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് ആംബുലന്‍സിനായി പോലീസ്, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരെ ഭാര്യാസഹോദരന്‍ വിവരം അറിയിച്ചു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് രാവിലെ ഒന്‍പതോടെ ടിപ്പര്‍ ലോറിയില്‍ ആശുപത്രിയില്‍ എത്തിക്കാനും ശ്രമം നടത്തി. ടിപ്പറില്‍ കയറുന്നതിനായി വീട്ടില്‍ നിന്ന് വരാന്‍ ശ്രമിക്കവെ തീരെ അവശനായി. തുടര്‍ന്ന് വീട്ടില്‍ നിന്ന് കട്ടില് കൊണ്ടുവന്ന് കിടത്തി. പിന്നീട് പത്തു മണിയോടെ ട്രാക്ടറിലാണ് ചങ്ങനാശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.
കോവിഡ് നെഗറ്റീവായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പുലര്‍ച്ചെ മുതല്‍ ആരോഗ്യ വിഭാഗത്തിലും പോലിസിലും വിവരമറിയിച്ചിട്ടും അധികൃതരുടെ അനാസ്ഥ മൂലമാണ് പദ്മകുമാര്‍ മരിക്കാനിടയായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളപ്പൊക്കം കാരണം കുട്ടനാട്ടില്‍ യാത്രാ സൗകര്യം അപര്യാപ്തമാണ്. ചില പോലീസ് സ്റ്റേഷനുകളില്‍ സ്പീഡ് ബോട്ട് ഉണ്ടെങ്കിലും അത് പ്രയോജനപ്പെട്ടില്ല. രാമങ്കരി സ്റ്റേഷനിലെ ജീപ്പിലും രോഗിയെ കൊണ്ടുപോകാന്‍ തയാറായില്ല. ക്വാറന്റൈനില്‍ കഴിയുന്നവര്‍ അടക്കമുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ യാതൊരു സൗകര്യവും കുട്ടനാട്ടിലില്ല. ക്വാറന്റൈനില്‍ കഴിയുന്നവരായതിനാല്‍ കോവിഡ് ഭീഷണി ഭയന്നാണ് പോലീസുകാര്‍ പോലും തങ്ങളുടെ വാഹനം വിട്ടു കൊടുക്കാന്‍ തയാറാകാതിരുന്നതെന്ന് ആക്ഷേപമുണ്ട്.
പോലീസിലും ആരോഗ്യവിഭാഗത്തിലും അറിയിച്ചിട്ടും പത്മകുമാര്‍ മരിക്കാനിടയായത് വാഹന സൗകര്യം ലഭ്യമാക്കാത്തതു മൂലമുണ്ടായ ഗുരുതരമായ വീഴ്ചയാണന്ന് ബിജെപി സംസ്ഥാന സമിതിയംഗം ടി.കെ. അരവിന്ദാക്ഷന് പറഞ്ഞു. കുട്ടനാട്ടില്‍ സര്‍ക്കാര്‍ ബോട്ടുകളും വള്ളങ്ങളും ഏര്പ്പാടാക്കാത്തതിനാല് ആളുകള്‍ ബുദ്ധിമുട്ടുന്നതായും അടിയന്തര നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: