തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അതിരൂക്ഷമായ സൈബര്‍ ആക്രമണവുമായി സിപിഎമ്മുകാര്‍. അടുത്തദിവസങ്ങളില്‍ വൈകിട്ടു നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളോടു മുഖ്യമന്ത്രി പിണറായി വിജയന് രോഷാകുലനായി ആണ് ഉത്തരങ്ങള്‍ നല്‍കിയത്. മാധ്യമപ്രവര്‍ത്തകരെ മുതലാളിമാര്‍ ചോദ്യങ്ങള്‍ ചോദിക്കാനായി പറഞ്ഞു വിടുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഒപ്പം, മാധ്യമധര്‍മത്തെ പറ്റി പിണറായി ക്ലാസും എടുത്തു. ഇതില്‍ നിന്നുള്ള ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ സൈബര്‍ സഖാക്കളുടെ രംഗപ്രവേശം.
വ്യക്തിപരമായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയുള്ളതാണ് സൈബര്‍ സഖാക്കളുടെ പോസ്റ്റുകള്‍. അടുത്തിടെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കുന്നതിനിടെ സംസ്ഥാനത്തെ നാലു ഡാമുകള്‍ തുറന്നു എന്നതിനു പകരം മനോരമ ന്യൂസ് മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനില്‍ നിന്ന് ഡാമുകള്‍ തകര്‍ന്നു എന്ന് നാക്കുപിഴ സംഭവിച്ചിരുന്നു. ഇതു പിന്നീട് അവര്‍ തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പൊതുവേ ചര്‍ച്ചകളില്‍ സര്‍ക്കാരിനെ വിവിധ വിഷയങ്ങളില്‍ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകയായ നിഷയെ സൈബര്‍ സഖാക്കള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തികച്ചും വ്യക്തിപരമായി അശ്ലീലം നിറഞ്ഞ അധിക്ഷേപം ആണ് സഖാക്കള്‍ നടത്തുന്നത്. നിഷയുടെ ഭര്‍ത്താവ് മരിച്ചു ആദാരാഞ്ജലികള്‍ എന്നതടക്കം പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍. മരിച്ചിട്ടില്ലെങ്കില്‍ നാളെ തിരുത്താം എന്നുള്ള അടിക്കുറുപ്പും ഒപ്പമുണ്ട്.
മുഖ്യമന്ത്രിയോട് വാര്‍ത്തസമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചതിനാണ് ഏഷ്യനെറ്റിലെ മാധ്യമപ്രവര്‍ത്തകരായ അജയ്ഘോഷ്, കമലേഷ് എന്നിവര്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നത്. കലേഷിന്റെ ഭാര്യയും ഏഷ്യാനെറ്റിലെ തന്നെ മാധ്യമപ്രവര്‍ത്തകയുമായി പ്രജുല വിവാഹമോചനം തേടുന്നെന്ന് സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്നയുമായുള്ള അവിഹിതബന്ധമാണ് ഇതിനു കാരണമെന്നതടക്കം പോസ്റ്റുകളാണ് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ജീവനക്കാരനും ഉള്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് രണ്ടു പേര് വാര്‍ത്താസമ്മേളനത്തില്‍ എത്തുന്നതിനേയും ഒന്നിലേറെ ചോദ്യങ്ങള്‍ ചോദിക്കുന്നതിനേയും പരസ്യമായി വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ നടക്കുന്ന നീചമായ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പത്രപ്രവര്‍ത്തക യൂണിയന് ഇടപെട്ട് നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: