കുമളി: ഇക്കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് മരിച്ച ചക്കുപള്ളം പഞ്ചായത്തിലെ മേപ്പാറയില്‍ താമസക്കാരനായ യുവാവിന് കൊഫോണ പോസിറ്റീവ്, ഏലത്തോട്ടം മേഖലയിലെ തൊഴിലാളികള്‍ പരിഭ്രാന്തിയില്‍. തമിഴ്നാട് സ്വദേശിയായ പുരുഷനാണ് രണ്ട് ദിവസം മുന്‍പ് മരണപ്പെട്ടത്.
ഇയാള്‍ നാട്ടില്‍ നിന്നെത്തിയ ശേഷം രണ്ടാഴ്ചക്കാലമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുവെന്നാണ് അധികൃതര്‍ പറയുന്നത്.
ക്വാറന്റൈന് കാലാവധി കഴിഞ്ഞതോടെ ടാക്സി ഡ്രൈവറായ ഈ യുവാവ് പൊതുസമൂഹവുമായി വ്യാപകമായി ഇടപ്പെട്ടു. എന്നാല്‍ അപ്രതീക്ഷതമായി മരണപ്പെടുകയും ചെയ്തു. ഇതിനിടെ നാട്ടുകാരും തൊഴിലാളികളും ഉള്‍പ്പെടെ എണ്ണം തിട്ടപ്പെടുത്താനാകാത്ത വിധം നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു.
മരണ ശേഷം കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ നാട്ടുകാര്‍ ഭീതിയിലാണ്.
മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ഏറെ ദുഷ്ക്കരമാകുമെന്ന് അധികൃതര്‍ പറയുന്നു. ഏതാനും ദിവസം മുന്‍പ് ചക്കുപള്ളം പഞ്ചായത്തിലെ മാധവന്കാനത്തു നിന്ന് കോവിഡ് രോഗിയുമായി ജീപ്പില്‍ സഞ്ചരിച്ചയാള്‍ ഗ്രാമത്തിലെ ചായക്കടയില്‍ ഏറെ സമയം പൊതുജനങ്ങളുമായി ഇടപഴകിയിരുന്നു.
കണക്കുകള്‍ പുറത്തുവിടുന്നില്ല
കൊറോണ നിയന്ത്രണം സര്‍ക്കാര്‍ ആഭ്യന്തര വകുപ്പിനെ ഏല്‍പ്പിച്ചതോടെ ആരോഗ്യ വകുപ്പ് അലസതയില്‍. കൃത്യസമയത്ത് രോഗബാധിതരുടെ ശരിയായ കണക്കുകള്‍ വെളിപ്പെടുത്തുന്നില്ല. ഇക്കാരണത്താല്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് സ്വയം ക്വാറന്റൈനില്‍ പോകാന്‍ കഴിയാതെ വരുന്നു.
കൊറോണ പോസിറ്റീവ് തിരിച്ചറിഞ്ഞ് 24 മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് ഈ വിവരം മുഖ്യമന്ത്രി പൊതുജനങ്ങളെ അറിയിക്കുന്നത്. കൃത്യമായി ആലോചിക്കാതെ ആരോഗ്യ വകുപ്പിനെ കുറ്റപ്പെടുത്തിയ ശേഷമാണ് നിയന്ത്രണം പോലീസിന് കൈമാറിയത്. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാകെ കൊറോണയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ പരിശോധനകള്‍ നിര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: