കിളിമാനൂര്‍: രോഗം തളര്‍ത്തിയിട്ടും തോല്ക്കാന് മനസ്സില്ല എന്ന നിശ്ചയദാര്‍ഢ്യവുമായി ആധുനിക വൈദ്യശാസ്ത്രം തോറ്റിടത്ത് നിന്ന് മനോധൈര്യം കൊണ്ട് ജയിച്ച് മുന്നേറിയ പെണ്‍കുട്ടിയാണ് കിളിമാനൂര്‍ സ്വദേശിനി രഞ്ജിനി. കിളിമാനൂര്‍ പാപ്പാല-ആനപ്പാറ വീട്ടില്‍ കൂലിവേലക്കാരനായ ശിവരാജന്റെയും വീട്ടമ്മയായ ശാന്തമ്മയുടെയും ഇളയ മകള്‍ രഞ്ജിനിക്ക് ചലനശേഷികള്‍ ദുര്‍ബലമാകുന്ന സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അസുഖമാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ രോഗം തുടങ്ങിയെങ്കിലും ജനിച്ചശേഷമാണ് തിരിച്ചറിഞ്ഞത്.
സ്പൈനല്‍ മസ്ക്കുലാര്‍ അട്രോഫി രോഗബാധിതരുടെ ബോധവല്‍ക്കരണത്തിന്റെ മാസമാണ് ആഗസ്റ്റ്. ഈ രോഗം ബാധിച്ച ഒരുപാടുപേര് നമുക്കിടയിലുണ്ട്. അതില്‍ പലരും മരണത്തിനു കീഴടങ്ങി. അതിലും കൂടുതല്‍ പേര് ഇന്നും പോരാട്ടം തുടരുന്നുമുണ്ട്. രോഗത്തിന് പ്രതിവിധിയായി സ്പൈറസാ എന്ന മരുന്ന് കണ്ടുപിടിക്കപ്പെട്ടെങ്കിലും ജീവിതകാലം മുഴുവന്‍ ഉപയോഗിക്കേണ്ടി വരുന്ന ഒന്നായ ഇതിന്റെ ഭീമമായ വില സാധാരണക്കാരന് ചിന്തിക്കാന്‍ കഴിയുന്നതല്ല.
ചികിത്സകളെല്ലാം പരാജയപ്പെട്ടതോടെ പന്ത്രണ്ടാം വയസില്‍ രഞ്ജിനി പൂര്‍ണമായി കിടക്കയിലാവുകയായിരുന്നു. എന്നാല്‍ കിടക്കയില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കാനുള്ളതല്ല തന്റെ ജീവിതമെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു പിന്നീടങ്ങോട്ട് രഞ്ജിനി.
ദുര്‍ബലമെന്ന് വിധിയെഴുതിയ കൈകള്‍ സര്‍ഗാത്മകതയുടെ മറ്റൊരു ലോകം തീര്‍ത്തു. തളരാത്ത മനസും നിശ്ചയദാര്‍ഢ്യവും കൊണ്ട് അവളുടെ കൈകളില്‍ നിന്ന് പൂക്കള്‍, ഫ്ളവര്‍വേസ്, മാല, കമ്മല്‍ എന്നിങ്ങനെ പലതും പിറവി കൊണ്ടു. എന്നാല്‍ ഇത് കൊണ്ടൊന്നും അവളുടെ ജീവിതം കരുപിടിപ്പിക്കാനായില്ല. ഇതിനിടയിലാണ് രഞ്ജിനിയുടെ ജീവിതത്തിലെ നാഴികക്കല്ല് സംഭവിക്കുന്നത്. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയെക്കുറിച്ച് അറിയുകയും അവരില്‍ നിന്ന് പേപ്പര്‍ പേന എന്ന ആശയം ഉടലെടുക്കുകയും ചെയ്തത്.
റീഫില്‍ ഒഴികെയുള്ള പേനയുടെ എല്ലാ ഭാഗങ്ങളും പേപ്പര്‍ കൊണ്ട് നിര്‍മിച്ചു. ഇതിനുള്ളില്‍ ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളും നിക്ഷേപിച്ചു. പ്രകൃതിസൗഹാര്‍ദമായ ഇത്തരം പേനകള്‍ ഉപയോഗശേഷം വലിച്ചെറിയുമ്പോള്‍ പ്രകൃതി മലിനീകരണം ഒഴിവാക്കുക മാത്രമല്ല ഇതിനുള്ളിലെ വിത്തുകളില്‍ നിന്ന് മുളക്കുന്നത് മറ്റൊരു പ്രതീക്ഷയുടെ നാമ്പുകളാണ്. ഒപ്പം പൂവിടുന്നത് രഞ്ജിനിയെ പോലുള്ളവരുടെ ജീവിതവും. ഈ പേനകള്‍ക്കായി സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ടെക്നോപാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് നിരവധി ആവശ്യക്കാര്‍ രഞ്ജിനിയെ തേടി എത്തിയിരുന്നുവെങ്കിലും അപ്രതീക്ഷിതമായി എത്തിയ കൊറോണക്കാലം രഞ്ജിനിയെയും ദുരിതത്തിലാഴ്ത്തി.
സംരക്ഷണം നല്‍കിയിരുന്ന അച്ഛന് രോഗം പിടികൂടിയത് ഇപ്പോള്‍ രഞ്ജിനിയെ തളര്‍ത്തി. തൊണ്ടയില്‍ ബാധിച്ച രോഗം കാരണം ദിവസം ചെല്ലുംതോറും ശബ്ദം നഷ്ട്ടപ്പെട്ടു പോകുന്ന അവസ്ഥയിലാണ് അച്ഛന്. മാസങ്ങള്‍ക്ക് മുമ്പേ ഡോക്ടര്‍മാര്‍ ഓപ്പറേഷന് നിര്‍ദേശിച്ചതാണ്. സാമ്പത്തികം കണ്ടെത്താനാവാതെ ഓപ്പറേഷന് നീണ്ടു പോകുകയാണ്. വിധിയുടെ കരങ്ങളില്‍ പ്പെട്ട് ഇനിയൊരു ദുരിതം കൂടി താങ്ങാനുള്ള ശേഷി ഈ കുടുംബത്തിനില്ല. ഏവര്‍ക്കും കൈകോര്‍ക്കാം രഞ്ജിനിക്കും കുടുംബത്തിനും വേണ്ടി. അക്കൗണ്ട് വിവരങ്ങള്‍: ശാന്ത പി. അക്കൗണ്ട് നമ്പര്‍ 686302010001010, യൂണിയന് ബാങ്ക്, കിളിമാനൂര്‍ ബ്രാഞ്ച്, ഐഎഫ്എസ്സി കോഡ്: ഡആകച0568635
പ്രതികരിക്കാൻ ഇവിടെ എഴുതുക: