തൃശൂര്‍: കൊറോണ മഹാമാരി ഒന്നാകെ പിടിച്ചുലയ്്ക്കുകയാണ് തയ്യല്‍ രംഗത്തെയാകെ. തയ്യല്‍ വഴി ഉപജീവജനം നടത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയുടെ ദുരിതക്കയത്തിലാണ്. കൊറോണ അത്രമേല്‍ ബാധിച്ചു കഴിഞ്ഞു ഈ കുടുംബങ്ങളെ. സ്കൂള്‍ സീസണായിരുന്നു ഇതുവരെ അവരുടെ ഒരു വര്‍ഷക്കാലത്തേക്കുള്ള വരുമാന നീക്കിയിരിപ്പ് കാലം.
വടക്കാഞ്ചേരി അത്താണി മേഖലകളിലെ നിരവധി തയ്യല്‍ യൂണിറ്റ് തൊഴിലാളികളാണ് പ്രതിസന്ധിയുടെ ആഴം കാണുന്നത്. മേഖലയിലെ വിവിധ സര്‍ക്കാര്‍, പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ ഓര്‍ഡറുകള്‍ തന്നെയായിരുന്നു ഇവരുടെ ഒരു വര്‍ഷത്തെ നടത്തിപ്പിന് പ്രധാന കരുത്തായിരുന്നത്. സ്കൂളുകള്‍ എന്ന് തുറക്കുമെന്ന് അധികൃതര്‍ക്ക് തന്നെ നിശ്ചയമില്ലാതായതോടെ സ്കൂള്‍ യൂണിഫോം തുന്നലും നിലച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പഠനം തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രതിസന്ധി തുടരുക തന്നെ ചെയ്യുമെന്നോര്‍ത്ത് ഇവര്‍ നെടുവീര്‍പ്പിടുകയാണ്. നിത്യവൃത്തിക്കു പോലും ഒരു ദിവസത്തെ വരുമാനം കൊണ്ട് കഴിയാത്ത സ്ഥിതിവിശേഷമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍കാലങ്ങളില്‍ മറ്റ് ജോലികളൊന്നും ഏറ്റെടുക്കാതെയാണ് യൂണിഫോമുകളുടെ തുന്നല്‍ പ്രവര്‍ത്തനം നടന്നിരുന്നത്. ഒരു കുട്ടിക്കായി തന്നെ 2 ജോഡി വസ്ത്രം മിനിമം ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ യൂണിഫോമുമില്ല, മറ്റ് ജോലികളുമില്ല എന്നതാണ് സ്ഥിതി. പല തയ്യല്‍ യൂണിറ്റുകളും അടച്ചുപൂട്ടി കഴിഞ്ഞു. സ്തീ തൊഴിലാളികള്‍ ഉള്‍പ്പടെ യൂണിറ്റുകള്‍ അടച്ചതോടെ കടക്കെണിയിലാണ് പലരും. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്താണ് പലരും ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യല്‍ യൂണിറ്റുകള്‍ ആരംഭിച്ചത്. എന്നാല്‍ ജോലിയില്ലാതെ മെഷിനറികളെല്ലാം ഇപ്പോള്‍ തുരുമ്പെടുത്ത് പോകുന്ന അവസ്ഥയാണ്. കൊറോണ കാലത്ത് തങ്ങള്‍ക്ക് മതിയായ സഹായം ലഭിച്ചില്ലെന്ന പരാതിയും തൊഴിലാളികള്‍ക്കുണ്ട്. തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുകയാണ് ഈ തൊഴിലാളി സമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: