മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നാലു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 43 പേരുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. റേഷന്‍ കട ഉടമകളായ രണ്ടു പേര്, ഒരു മൊബൈല്‍ ഷോപ്പ് ജീവനക്കാരന്, ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേരാണ് ഉള്ളത്. മേപ്പയ്യൂരിലെ കള്ളുഷോപ്പുമായി ബന്ധപ്പെട്ട ജീവനക്കാരന് പോസിറ്റീവായതിനെ തുടര്‍ന്ന് പഞ്ചായത്ത് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതിനിടയിലാണ് നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുന്നത്. ഇത് ജനങ്ങളില്‍ ആശങ്കയിക്കിടയാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് തല റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥിതിഗതികള്‍ വിലയിരുത്തി. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കെണ്ടയിന്‍മെന്റ് സോണ്‍ എന്ന നിലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കള്ളുഷാപ്പുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതില്‍ 150 ല്‍ പരം പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഹൈറിസ്ക് വിഭാഗത്തില്‍ കണ്ടെത്തിയ ആളുകള്‍ക്ക് ഇന്നലെ പരിശോധന നടത്തിയത്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്ക വിലക്കില്‍ തുടരാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. റേഷന്‍കട ഉടമകളുടെയും മറ്റും സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതിനാല്‍ സമ്പര്‍ക്കം സംശയിക്കുന്ന എല്ലാവരും സ്വയം സമ്പര്‍ക്ക വിലക്കില്‍ തുടരാന്‍ ആര്‍ആര്‍ടി യോഗം ആവശ്യപ്പെട്ടു. പ്രതിരോധ മാനദണ്ഡങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്താനും 14 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: