ന്യൂദല്‍ഹി: ഇന്ത്യയുടെ സൈനിക കരുത്തില്‍ ആഗ്നേയ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ റഫാലുകള്‍ വരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരികളായ റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡിന് കീഴില്‍ പഞ്ചാബിലെ അംബാലയിലുള്ള പതിനേഴാം വിന്റേജ് സ്‌ക്വാഡ്രണിലെ ‘സ്വര്‍ണഅമ്പു’കളുടെ കരുത്തായി മാറും. ഗോള്‍ഡണ്‍ ആരോസ് എന്നറിയപ്പെടുന്ന പതിനേഴാം സ്‌ക്വാഡ്രണിന്റെ പ്രഹരശേഷി പതിന്മടങ്ങാക്കാന്‍ കഴിവുള്ള റഫാലുകള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് ആകാശ യാത്ര തുടങ്ങിക്കഴിഞ്ഞു.
ഫ്രാന്‍സിലെ മെറിഗ്‌നാക്കിലെ ദസ്സോ ഏവിയേഷന്‍ ഫെസിലിറ്റിയില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. പൂര്‍ണ യുദ്ധസജ്ജമായെത്തുന്ന റഫാല്‍ യുദ്ധവിമാനങ്ങളെ അടുത്ത മാസം പകുതിയോടെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് വിന്യസിച്ചേക്കുമെന്നാണ് വിവരം.
ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട യുദ്ധവിമാനങ്ങള്‍ യുഎഇയിലെ അല്‍ ദഫ്‌റയിലുള്ള ഫ്രഞ്ച് സൈനിക താവളത്തിലെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് നാളെ പുലര്‍ച്ചെ ഇന്ത്യയിലേക്ക് തിരിക്കും. ഇറാന്‍,പാക് വ്യോമപാത ഉപേക്ഷിച്ച് പൂര്‍ണമായും അറബിക്കടലിലൂടെ ഗുജറാത്ത് വഴി ഹരിയാനയിലെ അംബാലയിലേക്കാണ് റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. യാത്രയ്‌ക്കിടെ ആകാശത്തുവെച്ച് ഇന്ധനം നിറയ്‌ക്കുന്നതിനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനവും ഫ്രഞ്ച് സര്‍ക്കാര്‍ അകമ്പടി അയച്ചിട്ടുണ്ട്. ഫ്രഞ്ച് സൈന്യത്തിന് കീഴില്‍ വിദഗ്ധ പരിശീലനം ലഭിച്ച വ്യോമസേനാ പൈലറ്റുമാരാണ് റഫാല്‍ വിമാനങ്ങള്‍ പറത്തി നാട്ടിലേക്ക് എത്തിക്കുന്നത്. മൂന്ന് സിംഗിള്‍ സീറ്റര്‍, രണ്ട് ഡബിള്‍ സീറ്റര്‍ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയ്‌ക്ക് കൈമാറിയിരിക്കുന്നത്. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ ജാവേദ് അഷ്‌റഫും മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥരും യുദ്ധവിമാനങ്ങളെ ഫ്രാന്‍സില്‍ നിന്ന് യാത്രയാക്കി.
കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത് നിര്‍ണായക യുദ്ധവിജയം നേടിത്തന്ന മിഗ് 21 യുദ്ധവിമാനങ്ങളുടെ പതിനേഴാം സ്‌ക്വാഡ്രണ്‍ 2016ല്‍ വ്യോമസേന പിരിച്ചുവിട്ടതായിരുന്നു. എന്നാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി ഇപ്പോഴത്തെ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൂരിയ 2019ല്‍ സ്‌ക്വാഡ്രണെ പുനരുജ്ജീവിപ്പിച്ചു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ 17ാം സ്‌ക്വാഡ്രണിലെ വിങ്ങ് കമാന്‍ഡര്‍ കൂടിയായിരുന്നു ബദൂരിയ. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം റഫാല്‍ വിമാനങ്ങളില്‍ ആര്‍ ബി സീരിസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
റഫാലുകള്‍ എത്തുന്നതോടെ വ്യോമസേനയുടെ ഏറ്റവും പ്രഹരശേഷി കൂടിയ ഒന്നാം സ്‌ക്വാഡ്രണായി ഗോള്‍ഡണ്‍ ആരോസ് മാറും. ആണവ മിസൈലുകളും ഫ്രഞ്ച് ഹാമര്‍ മിസൈലുകളും അടക്കമുള്ള മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വഹിക്കുന്ന റഫാല്‍ ഇന്ന് ലോകത്തെ ഏറ്റവും അത്യന്താധുനിക യുദ്ധവിമാനമാണ്.
59,0000 കോടി മുടക്കി 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് വ്യോമസേന വാങ്ങുന്നത്. രണ്ടാംഘട്ടമായെത്തുന്ന യുദ്ധവിമാനങ്ങള്‍ കിഴക്കന്‍ വ്യോമ കമാന്‍ഡിന് കീഴിലെ പശ്ചിമബംഗാളിലുള്ള ഹസിമാര ബേസിലാണ് എത്തുന്നത്. അംബാല ബേസിനെ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടും ഹസിമാര ബേസ് ചൈനയെ ലക്ഷ്യമിട്ടുമാണ് വ്യോമസേന സജ്ജീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: