മൂലമറ്റം: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കൊറോണ രോഗികള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കുന്നില്ലായെന്ന് പരാതി. പുതിയ ബ്ലോക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന 30 രോഗികള്‍ക്കാണ് കൃത്യ സമയത്ത് ആഹാരമോ വെള്ളമോ ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.
ഈയാഴ്ച ആദ്യം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗികളില്‍ മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരെയാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിന്റെ മുകള്‍നിലയില്‍ നിന്ന് ബുധനാഴ്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജില്‍ ലഭിച്ചിരുന്ന പരിചരണം പുതിയ കെട്ടിടത്തിലേക്ക് ഇവരെ മാറ്റിയതിന് ശേഷം കിട്ടുന്നില്ലായെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. രോഗികള്‍ക്ക് ചൂടുള്ള ഭക്ഷണമാണ് കഴിക്കുവാന്‍ കൊടുത്തിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് തണുത്ത ഭക്ഷണമാണ്. കിട്ടുന്ന ചായയ്ക്ക് പോലും ആവശ്യത്തിന് ചൂട് ഉïാകാറില്ല. രോഗികള്‍ ഇടയ്ക്കിടെ നല്ല ചൂടുവെള്ളം കുടിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ ഇവര്‍ക്ക് ചൂടുവെള്ളം കൃത്യമായി ലഭിക്കുന്നില്ല. രാവിലത്തെ ഭക്ഷണം ലഭിക്കുന്നത് 10 മണിയോടെയാണ്. അതാവട്ടെ തണുത്തതുമാണ്. ഉച്ചയ്ക്ക് ആദ്യ ദിവസങ്ങളില്‍ 1 മണിക്ക് കിട്ടി കൊണ്ടിരുന്ന ഊണ് ഇപ്പോള്‍ 2.30 നാണ് നല്‍കുന്നത്. മെഡിക്കല്‍ കോളേജില്‍ വെച്ച് ലഭിച്ചിരുന്ന പാല് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് ശേഷം കൃത്യമായി ലഭിക്കുന്നില്ല.
പലരും പാലില്‍ മഞ്ഞള്‍ പൊടി കലര്‍ത്തി കുടിക്കുന്ന ശീലമുണ്ടായിരുന്നു. പാല് കിട്ടാതായതോടെ ഇതും മുടങ്ങി. 25 ഉം 30 ഉം ദിവസം കഴിഞ്ഞ രോഗികള്‍ ഇവിടെയുണ്ട്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായാല്‍ ആ വിവരം കൃത്യമായി അറിയിക്കുവാനുള്ള സംവിധാനം ഇല്ല. അതിനാല്‍ ഇവര്‍ക്ക് കൂടുതല്‍ ദിവസം പരിമിത സൗകര്യത്തില്‍ കഴിയേണ്ടി വരുന്നു. ഇത് രോഗികളില്‍ കടുത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നുണ്ട്. മാനസിക സംഘര്‍ഷം കുറയ്ക്കുവാനുള്ള യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ ഇരുന്നാല്‍ ഇതിലും എത്രയോ ഭേദമാണ് എന്നാണ് രോഗികള്‍ ചോദിക്കുന്നത്.
ഇവിടെ കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച രോഗിയോട് രാവിലെ 8ന് ആശുപത്രിയിലേക്ക് പോരുവാന്‍ തയാറായി നില്ക്കുവാന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിയുന്ന ഇദ്ദേഹത്തെ കൊണ്ടു പോകുവാന്‍ പക്ഷേ ആംബുലന്‍സ് എത്തിയത് രാത്രി 9.30ന്. വേണ്ട വിധം ഭക്ഷണം പോലും കിട്ടാതെയാണ് അതുവരെ കഴിഞ്ഞത്. പുറമെ എല്ലാം ഭദ്രമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര പിഴവുകളാണ് ഉണ്ടാകുന്നത്.
വീടുകളിലെ ശാന്തമായ നിരീക്ഷണ ദിവസങ്ങളില്‍ നിന്നും ദുരിത ജീവിതത്തിലേക്കാണ് ഇവരെ കൊണ്ട് പോകുന്നത് എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടും തോറും എല്ലാം കുത്തഴിഞ്ഞ നിലയിലേക്ക് മാറുകയാണോ എന്ന ഭീതിയിലാണ് ജനങ്ങള്‍.
സൗകര്യങ്ങളൊരുക്കി; കളക്ടര്‍
ഭക്ഷണം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അധികൃതരോട് മെനു ഉണ്ടാക്കി ഭക്ഷണം നല്കാന് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. ഭക്ഷണം താമസിച്ച ലഭിക്കുന്ന പ്രശ്നവും ചൂട് വെള്ളം കിട്ടാത്ത പ്രശ്നവും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: