കാസര്‍കോട്: നാടും നഗരവും കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചിരിക്കുമ്പോള്‍ കര്‍ക്കിടക മാസത്തിലെ ആദിവ്യാധികള്‍ അകറ്റാന്‍ ഇക്കുറി ആടിവേടന്‍ എന്ന കര്‍ക്കിടക തെയ്യവുമെത്തില്ല. തുളുനാട്ടിലെ ഗെളിഞ്ചനും ഇത്തവണയില്ല. പഞ്ഞമാസമെന്ന് വിശേഷണമുള്ള കര്‍ക്കിടകം ഒന്നുമുതല്‍ വടക്കന്‍ കേരളത്തില്‍ ഹൈന്ദവ ഭവനങ്ങളില്‍ മാത്രം കണ്ടു വരുന്ന ആചാര അനുഷ്ടാനമായിരുന്നു കര്‍ക്കിടക തെയ്യങ്ങള്‍. വീടിനു മുന്നില്‍ മണി കിലുക്കി പാട്ടു പാടി കുഞ്ഞു തെയ്യം നൃത്തമാടിയാല്‍ അവിടെ ആദിയും വ്യാധിയും മഹാമാരിയും വിട്ടൊഴിയുമെന്നാണ് വിശ്വാസം.
എന്നാല്‍ ലോകം കീഴടക്കുന്ന കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ കര്‍ക്കിടക തെയ്യങ്ങളും പകയ്ക്കുകയാണ്. കര്‍ക്കിടക മാസത്തില്‍ വീടുകളിലെത്തുന്ന തെയ്യം കെട്ടുകാരെ നിലവിളക്കും കാണിക്കയും കൊണ്ട് സ്വീകരിച്ചിരുന്നവര്‍ക്ക് ഈ കോവിഡ് കാലത്ത് കര്‍ക്കിടക തെയ്യങ്ങള്‍ ഓര്‍മകള്‍ മാത്രമായി ബാക്കിയാവുകയാണ്.
ആധിവ്യാധി മാരി അകറ്റാനെത്തുന്ന കര്‍ക്കിടക തെയ്യങ്ങള്‍ക്കാണ് കോവിഡ് നിയന്ത്രങ്ങളാണ് തടസ്സമാകുന്നത്. തെയ്യം കെട്ടുകാര്ക്കിടയിലെ കുട്ടികളെ തെയ്യ ചമയങ്ങള്‍ കൊണ്ട് അണിയിച്ചൊരുക്കി ആരിലും ആകര്‍ഷണം ഉളവാക്കുന്ന തരത്തിലുള്ളതാണ് കര്‍ക്കിടക തെയ്യം. കുഞ്ഞു തെയ്യമെന്നും കര്‍ക്കിടക തെയ്യത്തെ വിശേഷിപ്പിക്കുന്നു. അടിവേടന്‍ തെയ്യമെന്നും വിളിക്കുന്ന കര്‍ക്കിടക ത്തെയ്യം വീടുകളില്‍ മണികിലുക്കിയും ചെണ്ട മുട്ടിയുമെത്തുമ്പോള് വിളക്ക് തിരിയും മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തിയ ഗുരുസി വെള്ളം തളികയില്‍ നല്‍കണം. തെയ്യം വീടിനു മുന്നില്‍ ആടിയതിനു ശേഷം ഈ വെള്ളം കളത്തില്‍ തിരിവെച്ച് വട്ടത്തില്‍ ഒഴിച്ചാല്‍ അവിടെ ദാരിദ്ര്യമോ, പട്ടിണിയോ, അസുഖങ്ങളോ ഉണ്ടാവില്ലെന്നാണ് വിശ്വാസം.
തെയ്യത്തിനു കാണിക്കയ്ക്കു പുറമെ വീട്ടുകാര്‍ അരിയും എണ്ണയും മറ്റും നല്‍കുകയും ചെയ്യും. കര്‍ക്കിടക മാസത്തില്‍ തെയ്യങ്ങളെ വീടുകളില്‍ ചെന്ന് വിശ്വാസത്തിന്റെ ഭാഗമായി ആടിക്കുന്ന തെയ്യം കലാകാരന്മര്‍ക്കു ഒരു വരുമാനം കൂടിയാണിത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇക്കുറി കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ കര്‍ക്കിടക ത്തെയ്യങ്ങള്ക്കു പുറത്തിറങ്ങുവാന്‍ കഴിയില്ല. പത്തുവയസുമുതല്‍ പതിനെട്ടു വയസു വരെ പ്രായമുള്ള കുട്ടികളെയാണ് കര്‍ക്കിടക തെയ്യം കെട്ടിക്കുന്നത്. കര്‍ക്കിടക മാസത്തിലെ ഈ കാഴ്ചകള്‍ കാസര്‍കോട് കണ്ണൂര്‍ ജില്ലകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: