ചെന്നൈ: തമിഴ്നാട്ടില്‍ വളരെ ശക്തവും തീവ്രവുമായ ഒരു മുന്നേറ്റത്തിന് തുടക്കമായിരിക്കുന്നു. തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേല്‍മുരുകനെ അവഹേളിച്ച യുക്തിവാദ സംഘമായ കറുപ്പര്‍ കൂട്ടത്തിനെതിരേ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. തമിഴ്നാട്ടിലെ ഹൈന്ദവവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ അപ്പോസ്തലന് രാമസ്വാമി നായ്ക്കര്‍ അഥവാ പെരിയോരുടെ അനുയായികളാണ് കറുപ്പര്‍ കൂട്ടം. വേല്‍മുരുകനെ സ്തുതിച്ചുള്ള സ്കന്ദ ഷഷ്ഠി കവച കീര്‍ത്തനത്തെ പരിഹസിച്ചാണ് തീവ്ര യുക്തിവാദി സംഘടനയായ കറുപ്പര്‍ കൂട്ടം വീഡിയോ പുറത്തിറക്കിയത്. ഇതേത്തുടര്‍ന്ന് തമിഴ് ഹൈന്ദവ ജനത ഒറ്റക്കെട്ടായി രംഗത്തുവന്നു. കറുപ്പര്‍ കൂട്ടം യൂട്യൂബ് ചാനലിന്റെ ചെന്നൈ ഓഫീസ് പൊലീസ് പൂട്ടി. നേതാക്കള്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
സാക്ഷാല്‍ ശ്രീ മുരുകന് ശൂരപദ്മാസുരനെ നിഗ്രഹിച്ച സ്കന്ദഷഷ്ടി നാളില്‍ തന്നെയാണ് അവഹേളന വീഡിയോ കറുപ്പര്‍ കൂട്ടം പുറത്തിറക്കിയത്. വേലെടുത്ത മുരുകന് ശൂരപദ്മാസുരനെ രണ്ടു കഷ്ണമാക്കി ഒരു കഷ്ണം സഞ്ചരിക്കാനുള്ള മയിലാക്കി മാറ്റി, മറ്റേ കഷ്ണം കോഴിയാക്കി സ്വന്തം കൊടിയില്‍ തൂക്കിയെന്നാണ് ഐതിഹ്യം.
ഹൈന്ദവ ദേവതാ സങ്കല്പങ്ങള്ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളുടെ ഭാഗമാണ് കറുപ്പര്‍ കൂട്ടത്തിന്റെ നടപടിയെന്ന് ബിജെപി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. ചാനല്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്നും പൊലീസിന് നല്കിയ പരാതിയില്‍ ബിജെപി വ്യക്തമാക്കി.
സംഭവം വിവാദമായതോടെ ചാനല്‍ അവതാരകനായ സുരേന്ദ്രന് നടരാജന് പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സ്കന്ദ ഷഷ്ഠി കവച പാരായണം നടത്തി തെരുവില്‍ പ്രകടനം നടത്തി. ഹിന്ദു മുന്നണിയും മറ്റ് ഹൈന്ദവ സംഘടനകളും പ്രതിഷേധത്തില്‍ അണിനിരന്നു. ഡി.എം.കെയുമായി അടുത്ത ബന്ധമുള്ളവരാണ് കറുപ്പോര്‍ കൂട്ടത്തിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സിനിമാ നടന്മാരും സാംസ്കാരിക പ്രവര്‍ത്തകരുമെല്ലാം കറുപ്പര്‍ കൂട്ടത്തിനെതിരെ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് കറുപ്പര്‍ കൂട്ടവുമായി ഒരു ബന്ധവുമില്ലെന്ന് ഡി.എം.കെ പ്രസ്താവനയിറക്കിയിട്ടുണ്ട്. ഏതായാലും തമിഴ്നാട്ടില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വെട്രിവേല്‍, വീരവേല്‍ എന്ന ക്യാംപെയ്നും ഹാഷ് ടാഗും തരംഗമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: