ശ്രീരാമന്റെ പിതാവ് ദശരഥന്‍ കോസലരാജ്യത്തെ അതിശക്തനായ രാജാവായിരുന്നു. ഒരേ സമയം പത്ത് തേരിലിരുന്ന് പത്ത് ദിശയിലേക്ക് സഞ്ചരിക്കാനോ യുദ്ധം ചെയ്യാനോ കഴിഞ്ഞിരുന്നു എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ദശരഥനെന്ന് അറിയപ്പെട്ടത്. കരുത്തുകൊണ്ടും പൗരുഷം കൊണ്ടും ആയുധബലം കൊണ്ടും ദശരഥന്റെ കീര്‍ത്തി ഭൂമിയില്‍ മാത്രമല്ല ദേവലോകത്തുപോലും വ്യാപരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മഹാധര്‍മ്മിഷ്ഠതയേയും അപ്രമാദിത്വത്തേയും ദേവേന്ദ്രന്‍ പോലും അംഗീകരിച്ചിരുന്നു.
പ്രതീകാത്മകമായ് വാല്മീകി മഹര്‍ഷി പഞ്ചേന്ദ്രിയങ്ങളുടെ ആവാസകേന്ദ്രമായ മനുഷ്യശരീരത്തെതന്നെയാണ് രാമായണത്തില്‍ ദശരഥനായ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് ധരിക്കാം. അയോദ്ധ്യ പ്രപഞ്ചമാണ്. തുടര്‍ന്നങ്ങോട്ടുള്ള ദശരഥന്റെ ജീവിതചക്രം പരിശോധിച്ചാല്‍ മനുഷ്യജീവിതത്തിന്റെ നശ്വരതയേയും വിധിയേയും ആകസ്മികതകളേയും കുറിച്ച് നമുക്ക് സുവ്യക്തമായ ധാരണകള്‍ കിട്ടും. എത്ര ശക്തിമാനും ബുദ്ധിമാനുമായിക്കൊള്ളട്ടെ, ജീവിതത്തില്‍ നിസ്സാഹായവും സന്ദിഗ്ധവുമായ സന്ധികളെ അഭിമുഖീകരിക്കേണ്ടിവരികയും പരാജിതനാകുകയും ചെയ്യാം. ചിലപ്പോള്‍ ഒരു തൃണത്തെപ്പോലെ അവഗണിക്കപ്പെടുകയുമാകാം.
രണ്ട് പത്‌നിമാരുള്ള ദശരഥന്‍ സന്താനങ്ങളില്ലാത്തതിനാല്‍ വാര്‍ദ്ധക്യത്തില്‍ യുവതിയായ കൈകേകിയെ കൂടി ഭാര്യയാക്കുന്നു. പിന്നീട് പുത്രകാമേഷ്ടിയുടെ ഫലമായി മൂന്ന് പത്‌നിമാരും ഗര്‍ഭിണിമാരാകുന്നു. രാജാവിന്റെ ആഹ്ലാദത്തിനതിരില്ല. മൂന്ന് പേരിലും കൂടി നാലാണ്‍മക്കള്‍. സ്വതേ ശക്തന്‍. ഇനി വീരന്മാരായ നാലു മക്കള്‍ കൂടി വളര്‍ന്നാല്‍! ദശരഥനെ പിടിച്ചാല്‍ കിട്ടില്ല. അയല്‍രാജ്യങ്ങളും ശത്രുരാജ്യങ്ങളും വരെ രാഷ്‌ട്രീയപരമായ കാരണങ്ങളാല്‍ ദശരഥന്റെ സൗഹൃദത്തിനായ് മത്സരിച്ചു.
ഈ ദശരഥന്‍ മുമ്പൊരിക്കല്‍ കൈകേയിക്ക് താന്‍ കൊടുത്ത വാക്ക്പ്രകാരം മൂത്ത പുത്രനായ ശ്രീരാമനെ രാജാവാക്കരുതെന്നും പതിനാല് വര്‍ഷം വനവാസത്തിനയക്കുകയും പകരം തന്റെ മകന്‍ ഭരതനെ സിംഹാസനത്തിലിരുത്തണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരമദുര്‍ബ്ബലനായ് കൈകേയിയുടെ കാല് പിടിച്ച് കെഞ്ചുകയും ജല്‍പ്പനങ്ങളോടെ നിലത്ത് വീണുരുളുകയും മോഹാലസ്യപ്പെടുകയും ചെയ്യുന്നു. സ്വര്‍ഗ്ഗലോകം പോലുമംഗീകരിച്ച മഹായോദ്ധാവിന്റെ സ്ഥിതി നോക്കൂ. ഇങ്ങനെയൊക്കെയായിട്ടും കൈകേയി കുലുങ്ങുന്നില്ല. ഒടുവില്‍ ഭാര്യയോട് ദയ യാചിച്ച് ഫലം കിട്ടാതെ വീരശൂരന്‍ ഹൃദയം പൊട്ടി മരിക്കുന്നു. ആ വിഷമഘട്ടത്തില്‍ പ്രിയ പുത്രനായ ശ്രീരാമനെ ഒന്നു കാണാന്‍പോലും അദ്ദേഹത്തിന് കഴിയുന്നില്ല.
മനുഷ്യജീവിതം ഇങ്ങനെയാണ്. സര്‍വ്വാത്മനാ അനിശ്ചിതത്വം. ധനമോ, സംഘബലമോ, രാഷ്‌ട്രീയസ്വാധീനമോ, കായബലമോ ഉണ്ടെന്ന് കരുതി എല്ലാം തികഞ്ഞെന്ന് അഹങ്കരിക്കുകയോ മതിമറക്കുകയോ ചെയ്യരുത്. എല്ലാ ശേഷിയേയും നിഷ്പ്രഭമാക്കുന്ന വിധിയുടെ ബന്ധനത്തില്‍ ഏത് മഹാനുഭാവനും നിലം പതിക്കും. ദശരഥന്റെ ജീവിതമത് നമ്മെ പഠിപ്പിക്കുന്നു.
പ്രദീപ് പേരശ്ശന്നൂര്‍
രാമായണസാരാംശം – 2
















