കാളഹസ്തി, ശ്രീശൈലം, ദക്ഷരാമ എന്നീ മൂന്ന് ശിവലിംഗാതിര്ത്തികളില് സംസ്കൃതി പ്രാപിച്ച ദേശമാണ് ‘തെലിംഗ’ (ത്രിലിംഗ). ഇന്നത്തെ തെലുങ്കുദേശമെന്ന ആന്ധ്ര, വിദൂരഭൂതകാലത്ത് കലാസാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ആത്മീയതയുടെയും കളിത്തൊട്ടിലായിരുന്നു. 1565 ല്‍ വിജയനഗര സാമ്രാജ്യത്തിന്റെ അസ്തമയത്തോടെയാണ് ഈ നാടിന്റെ പ്രതാപം നഷ്ടപ്പെടുന്നത്. പലായനം ചെയ്ത പണ്ഡിതന്മാരേയും കലാപ്രവീണ സമൂഹത്തേയും കാവേരി തീരത്തെ മേലാറ്റൂര്‍ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു തഞ്ചാവൂര്‍ രാജാവായ അച്യുതപ്പ നായക്. പിന്നീട് ദേശനവോത്ഥാനത്തിന്റെയും സംസ്ക്കാര പുനഃസൃഷ്ടിയുടെയും ഉറവിടമായി ഇവിടം വളരുകയായിരുന്നു. പൗരാണികതയുടെ ഏടുകളില്‍ ഇതിനെല്ലാം അസ്ഥിവാരമിട്ട മഹാരഥന്മാരെ ചരിത്രം മറക്കുന്നില്ല. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയും ചിന്തകനും വ്യാകരണപണ്ഡിതനുമായ നന്നയ്യാ സൃഷ്ടിച്ചത് നന്നയ്യാ യുഗം തന്നെയായിരുന്നു.
‘ആന്ധ്ര മഹാഭാരതമു’ എന്ന നന്നയ്യയുടെ കൃതി മഹാഭാരതത്തിന്റെ തെലുങ്ക് ആവിഷ്ക്കാരമാണ്. ഇതിഹാസങ്ങളുടെ പുനഃസൃഷ്ടിയില്‍ ബദ്ധശ്രദ്ധനായ നന്നയ്യ ‘ആദികവി’ എന്ന അംഗീകാരമാണ് നേടിയത്.
പതിമൂന്നാം നൂറ്റാണ്ട് ആന്ധ്ര സംസ്ക്കാരത്തിന്റെ അഗ്നിജ്വാലയില്‍ തിളങ്ങി. ഇതിന് ആദി വെളിച്ചം പകര്‍ന്ന ആചാര്യനാണ് തിക്കന്ന. നന്നയ്യക്കൊപ്പം സ്ഥാന മഹിമ നേടുകയാണ് തിക്കന്ന. വേദോപനിഷത്തുകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് തിക്കന്നയുടെ സ്വത്വം രൂപം കൊള്ളുന്നത്. യാഗാദി കാര്യങ്ങളിലൂടെ സര്‍വമംഗളം ലക്ഷ്യമാക്കിയായിരുന്നു നാനാവിധ കര്‍മങ്ങളും. ദാര്‍ശനികനായ കവിയും വിശാരദനായ രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന തിക്കന്ന രാഷ്ട്രമീമാംസകനായും ശോഭിച്ചു.
തിക്കന്നയുടെ പ്രൗഡോജ്വല വ്യക്തിത്വം സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും ആര്‍ദ്രതയില്‍ അധിഷ്ഠിതമാണ്. വിഭിന്നത പുലര്‍ത്തിയ വീരശൈവ യോഗികളെയും വൈഷ്ണവ യോഗികളെയും ഐക്യത്തിന്റെ പന്ഥാവിലെത്തിച്ചത് തിക്കന്നയുടെ ഇടപെടലുകളായിരുന്നു. ‘ഹരിഹരനാഥ സമ്പ്രദായം’ ആവിഷ്ക്കരിച്ചാണ് ഗുരു ഈ സംയോജന വിജയം നേടിയത്. ആത്മമുക്തിക്കൊപ്പം സമാജമോക്ഷമാണ് തിക്കന്നയ്യയുടെ കര്‍മപദ്ധതി ലക്ഷ്യമിട്ടത്. രാമായണം പരിഭാഷയായ ‘നിര്‍വചനേതര രാമായണം’ കവിതാ സമാഹാരമായ ‘വിജയസേന’, ‘കാവ്യബന്ധനം’, എന്നീ പ്രകൃഷ്ട സൃഷ്ടികളിലൂടെ ജനസാമാന്യ ഹൃദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടുകയായിരുന്നു.
ബാഹ്യസമ്പത്തിന്റെ മഹാനുഗ്രഹത്തിലാണ് ജീവിച്ചതെങ്കിലും ആന്തരിക സമ്പത്തിന്റെ ഊര്‍ജമാണ് തിക്കന്നയെ ഇതിഹാസപുരുഷന്റെ പരിവേഷമണിയിക്കുന്നത്. അറിവിന്റെയും ആത്മസമര്‍പ്പണത്തിന്റെയും കാവ്യപ്രതിഭയുടെയും അണയാത്ത തീക്കനലായി തിക്കന്ന രചിക്കുന്നത് പൗരാണികതയുടെ തിരുശേഷിപ്പുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: