കാഞ്ഞങ്ങാട്: നേന്ത്രവാഴ കര്‍ഷകരെ കോവിഡുകാലത്ത് ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നു. പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് ചൂഷണത്തിന് ഇരയാകേണ്ടി വരുന്നത്. സീസണായ ജൂലായില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കിലോയ്ക്ക് 26 മുതല്‍ 28 രൂപ വരെ മാത്രം.
കഴിഞ്ഞ ജൂലായില്‍ 40-56 രൂപവരെ വിലകിട്ടിയിടത്താണിത്. എന്നാല്‍ ഇവ കടകളില്‍ വില്പ്പനയ്ക്കെത്തുമ്പോഴാകട്ടെ വില 42 മുതല്‍ 50 രൂപ വരെയാണ്. 20 രൂപ വരെയാണ് വ്യത്യാസം.ഏപ്രില്‍ പകുതി മുതല്‍ ഓഗസ്റ്റ് അവസാനംവരെയാണ് നേന്ത്രവാഴ വിളവെടുപ്പ് സമയം. ഓണക്കാലത്ത് കരവാഴകളും വിളവെടുക്കുന്നതോടെയാണ് സീസണ് അവസാനിക്കുന്നത്. ഈ കാലത്ത് ലഭിക്കുന്ന പണമാണ് ഒരുവര്‍ഷത്തേക്കുള്ള കര്‍ഷകരുടെ സമ്പാദ്യം. ഇതില്‍ നിന്ന് മിച്ചംപിടിച്ച് വേണം അടുത്ത വര്‍ഷത്തെ കൃഷിയിറക്കാനും.
കോവിഡിന്റെ മറവിലാണ് ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.കോഴിക്കോട്, വടകര തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്ന് നേരത്തെ പതിവായി കുല വാങ്ങാനെത്തുന്നവര്‍ കോവിഡ് കാരണം വരുന്നില്ലെന്നും ലോക് ഡൗണും കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്നും മടിക്കൈയിലെ നേന്ത്രവാഴ കര്ഷകന് പറയുന്നു. വിതരണക്കാര്‍ 46-48 രൂപ നിരക്കിലാണ് കിലോയ്ക്ക് നല്‍കുന്നതെന്ന് നീലേശ്വരത്തെ കച്ചവടക്കാരും പറയുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് പൊതുപരിപാടികള്‍ നടക്കാത്തതും കവലക്കച്ചവടമില്ലാത്തതും ഹോട്ടലുകള്‍ സജീവമാകാത്തതും നേന്ത്രപ്പഴക്കച്ചവടത്തെ ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: