മക്കളേ,
മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം കടുത്ത വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് യോഗ നമുക്കു പ്രതീക്ഷയും സാന്ത്വനവുമാണ്. സയന്‍സിന്റെ കണ്ടു പിടുത്തങ്ങള്‍ കാരണം ഇന്ന് മനുഷ്യന്റെ ശാരീരികമായ അധ്വാനഭാരം വളരെ കുറഞ്ഞു. എന്നാല്‍ അതോടൊപ്പം രോഗങ്ങള്‍ പെരുകി. ടെന്‍ഷന്‍ കൊണ്ടും, എണ്ണമറ്റ ആഗ്രഹങ്ങള്‍ കൊണ്ടും മനുഷ്യമനസ്സും അസ്വസ്ഥമാണ്. ഈ സാഹചര്യത്തില്‍, ജീവിതത്തോടുള്ള ശരിയായ കാഴ്ചപ്പാടിലൂടെയും അനുഷ്ഠാനത്തിലൂടെയും ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗമാണ് യോഗ. ശരീരത്തിന്റെ ആരോഗ്യവും മനസ്സിന്റെ ആരോഗ്യവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ശരീരം അനങ്ങുന്നതിനനുസരിച്ചു ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കും. എന്നാല്‍ മനസ്സ് അനങ്ങാതിരിക്കുന്നതിനനുസരിച്ചാണ് മനസ്സിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നത്. ആധുനികസമൂഹത്തില്‍ ശരീരംകൊണ്ടു ചെയ്യേണ്ട ജോലികള്‍ കുറഞ്ഞു വരികയും മനസ്സിലെ ചിന്തകളും വിഷമങ്ങളും കൂടി വരികയും ചെയ്യുന്നതായാണ് കാണുന്നത്. ഇത്തരം ജീവിതരീതി ശരീരത്തിനും മനസ്സിനും ഒരു പോലെ ദോഷകരമാണ്.
ശരീരത്തിന്റെയും മനസ്സിന്റെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ശാസ്ര്തീയ മുറകളാണ് യോഗയിലുള്ളത്. സൂര്യനമസ്കാരം, ആസനം, പ്രാണായാമം, ധ്യാനം തുടങ്ങിയവ അതിലുള്‍പ്പെടുന്നു.
പ്രാണായാമവും ആസനങ്ങളും പ്രാണശക്തിയുടെ ശരിയായ ക്രമീകരണത്തിലൂടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തുന്നു. അതോടൊപ്പം വിശ്രാന്തിക്കുവേണ്ടിയുള്ള യോഗമുറകളും ധ്യാനവും ചിന്തകളെ കുറയ്ക്കാനും മനസ്സിനെ സ്വസ്ഥവും ശാന്തവുമാക്കാനും ഉപകരിക്കുന്നു.
നമ്മുടെ മനസ്സും ബുദ്ധിയുമുപയോഗിച്ച് ബാഹ്യലോകത്തെ നിരീക്ഷിക്കാനും പഠിക്കാനും നിയന്ത്രിക്കാനുമുള്ള പരിശീലനമാണ് ചെറുപ്പം മുതല്‍ നമുക്കു ലഭിക്കുന്നത്. ചിന്തകളെ അടക്കി മനസ്സിനെ എങ്ങനെ നിശ്ചലമാക്കാം എന്നു നമ്മള് പഠിക്കുന്നില്ല. വണ്ടി ഓടിയ്ക്കാനറിയാം പക്ഷെ നിര്‍ത്താനറിയില്ല എന്നു പറയുന്നതുപോലെയാണിത്. ഇതു നമ്മളെ അപകടങ്ങളില്‍ കൊണ്ടെത്തിക്കും. വാഹനം ഓടിക്കാന്‍ അറിയുന്നതു പോലെതന്നെ പ്രധാനമാണു നിര്ത്താനറിയുക എന്നത്. ജപ്പാനില്‍ വൃദ്ധമന്ദിരങ്ങളില്‍ പലയിടത്തും അന്തേവാസികളെ കുളിപ്പിക്കാനും മറ്റും യന്ത്രമനുഷ്യരെ ഉപയോഗിക്കുന്നുണ്ടെന്നു കേട്ടിട്ടുണ്ട്. ആളുകളെ കുളിപ്പിക്കുന്ന സമയത്ത് ആ യന്ത്രമനുഷ്യര്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ എന്തായിരിക്കും സ്ഥിതി. ഇതുപോലെയുള്ള ഒരു അപകടസ്ഥിതിയിലാണ് ഇന്നു നമ്മള്.
ഒരിക്കല്‍ ഒരു രാജാവ് ഒരു മഹാത്മാവിനോടു ചോദിച്ചു, ‘മതം എന്താണെന്ന് ഒറ്റ വാചകത്തില്‍ പറയാമോ?’
മഹാത്മാവ് പറഞ്ഞു, ‘ഒരു വാചകം വേണ്ട, ഒരൊറ്റ വാക്കില്‍ ഇതിനുത്തരം പറയാം. മതം നിശ്ശബ്ദതയാണ്.’
രാജാവ് ചോദിച്ചു, ‘എനിക്ക് എങ്ങനെയാണ് നിശ്ശബ്ദത നേടാന്‍ സാധിക്കുക?’
മഹാത്മാവ് മറുപടി പറഞ്ഞു, ‘ധ്യാനത്തിലൂടെ.’
രാജാവ് ചോദിച്ചു, ‘ധ്യാനം എന്താണ്?’
മഹാത്മാവ് പറഞ്ഞു, ‘നിശ്ശബ്ദത’. മനസ്സിന്റെ നിശ്ശബ്ദതയാണു ധ്യാനം.
ശരീരത്തിന്റെ ശാസ്ര്തീയമായ സ്ഥിതിയും ചലനവും ഒത്തുചേര്‍ന്നതാണ് യോഗാസനങ്ങള്‍. അതോടൊപ്പം പ്രാണായാമം ധ്യാനം തുടങ്ങിയവയിലൂടെ മനസ്സിലെ ചിന്തകളെയും വികാരങ്ങളെയും ക്രമീകരിച്ച് മനുഷ്യന്റെ ബോധമണ്ഡലത്തെ ഉയര്‍ത്താനുള്ള മാര്‍ഗ്ഗമാണ് യോഗ. യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസോച്ഛ്വാസം ശരിയായ രീതിയിലായിരിക്കണം. അപ്പോള്‍ അത് ശരീരത്തിലെ പ്രാണചലനം ശരിയായ രീതിയിലാക്കുന്നു. ഒപ്പം മനസ്സിന് ശാന്തിയും എകാഗ്രതയും കൈവരുത്തുന്നു. അങ്ങനെ ശരീരത്തിനും മനസ്സിനും ഒരുപോലെ യോഗ ഗുണകരമായി തീരുന്നു. ഇതിലുമുപരി, യോഗയുടെ ആത്യന്തികമായ ലക്ഷ്യം മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണ്ണതയുടെ സാക്ഷാത്ക്കാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: