തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ചീട്ടുകളിയിലൂടെ പണം നഷ്ടമായവരുടെ കഥകള്‍ നിരവധിയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അതേസമയം, ഓണ്‍ലൈന്‍ റമ്മികളിയായ റമ്മി സര്‍ക്കിളിന്റെ പരസ്യത്തില്‍ ചീട്ടുകളിക്ക് പ്രമോഷന് നല്കി നടന് അജു വര്‍ഗീസ്. ചക്ക ചാക്കോ എന്ന പേരിലുള്ള ഒരു കഥാപാത്രമായി ആണ് അജു വര്‍ഗീസ് പരസ്യത്തില്‍ അഭിനയിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയും പരസ്യചിത്രം അജു പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഇതിനെതിരേ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍ ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്തെത്തി. ഭാര്യയും നാലു കുട്ടികളുമുള്ള, ടാക്സ് അടയ്ക്കാന്‍ വരുമാനമുള്ള അലവലാതികലുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നായിരുന്നു സന്ദീപിന്റെ മറുപടി.
അജു പോസ്റ്റ് ചെയ്ത പരസ്യചിത്രത്തിനു താഴേയും നിരവധി പേര് പ്രതിഷേധവുമായി എത്തുന്നുണ്ട്. ഒപ്പം, റമ്മി സര്‍ക്കിള്‍ വഴി ചീട്ടുകളിച്ച് പണം നഷ്ടമായവര്‍ അവരുടെ അനുഭവങ്ങളും കമന്റായി രേഖപ്പെടുത്തിട്ടുണ്ട്.
നിശ്ചിത തുക ഗെയിമിന്റെ വാലറ്റിലേക്ക് കൈമാറിയാണ് ഓണ്‍ലൈന്‍ റമ്മി കളി. ആദ്യം 200രൂപയ്ക്കും 500 രൂപയ്ക്കും ആകും കളിക്കുക. അല്പം പണം തിരികെ ലഭിക്കുമ്പോള്‍ കളിക്കുന്നവര്‍ പിന്നീട് ഹരം മൂത്ത് 2000 ത്തിലേക്കും 5000ത്തിലേക്കും കളി മാറ്റും. കിട്ടുന്ന ബോണസ് തുകയുടെ ഹരത്തില് കളിച്ചു കൊണ്ടേ ഇരിക്കും. ഇതോടെ പണം നഷ്ടപ്പെട്ട് തുടങ്ങും. പിന്നെ അത് തിരിച്ചുപിടിക്കാന്‍ വീണ്ടും കളിക്കും. ഇങ്ങനെ നഷ്ടപ്പെടുന്നത് ലക്ഷങ്ങള്‍. കളി നിര്‍ത്താം എന്ന് തീരുമാനിച്ചാലും റമ്മി കമ്പനികള്‍ വിടില്ല. ചെറിയ തുകകള്‍ വീണ്ടും വാലറ്റില്‍ നല്കി കളിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇതോടെ ലക്ഷങ്ങളാണ് ഇത്തരം കളികളിലൂടെ പലര്‍ക്കും നഷ്ടമായത്. ഇത്തരമൊരു ഓണ്‍ലൈന്‍ ചൂതാട്ടമായ റമ്മി സര്‍ക്കിളിനെയാണ് അജു വര്‍ഗീസ് പ്രമോട്ട് ചെയ്തു രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: