തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ഗേറ്റിനടുത്തായി പ്രവര്‍ത്തിക്കുന്ന ‘കാരുണ്യ ഫാര്‍മസി’യില്‍ മരുന്നില്ലാത്തത് നിര്‍ധന രോഗികളെ ദുരിതത്തിലാക്കുന്നു. ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ളവ ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കുന്ന ഫാര്‍മസിയില്‍ ഒട്ടുമിക്ക മരുന്നുകളും ഇപ്പോള്‍ സ്റ്റോക്കില്ല.
പല മരുന്നുകളും ഇല്ലാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. പല ജീവന് രക്ഷാ മരുന്നുകളും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇരട്ടി പണം നല്കി വാങ്ങേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍. ഹീമോഫീലിയ ഉള്‍പ്പെടെയുള്ള പല ഗുരുതരരോഗങ്ങളും ബാധിച്ച നിര്‍ധന കുടുംബങ്ങളിലെ രോഗികളില്‍ പലര്‍ക്കും വന്‍ തുകയ്ക്ക് പുറമെ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് ലിമിറ്റഡിന്റെ കാരുണ്യ മരുന്ന് വിതരണ വിഭാഗമാണ് കാരുണ്യ ഫാര്‍മസിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യ മരുന്നുകള്‍ ലഭ്യമാകാത്ത ദയനീയ സാഹചര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയില്‍ തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റ്, മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് അരുണ്‍ചന്ദ് പാലക്കാട്ടിരി പരാതി നല്‍കിയിരുന്നു.
മരുന്നുകള്‍ ലഭ്യമാക്കാന്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നാണ് കെഎംഎസ്സിഎല് കാരുണ്യ മരുന്ന് വിതരണ വിഭാഗം ജനറല്‍ മാനേജര്‍ ഈമാസം 11ന് അയച്ച മറുപടിയില്‍ പറയുന്നത്. സ്റ്റോക്കെടുപ്പില്‍ കൊണ്ടുവന്ന ചില നിയന്ത്രണങ്ങളും കാലതാമസവും മൂലമാണ് മരുന്നുകള്‍ മാസങ്ങളായി ലഭ്യമല്ലാതിരുന്നതെന്നുള്ള വിവരം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തത് സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ ഓഫീസിലേക്കും പരാതി നല്‍കിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതിവേഗ നടപടികളെടുക്കാതെ ‘ചുവപ്പ് നാടയില്‍’ നീണ്ട 5 മാസത്തോളം പരാതി കുടുങ്ങി കിടന്നതിനു ശേഷമാണ് ഇപ്പോള്‍ മറുപടി ലഭിച്ചത്. സമൂഹത്തിലെ താഴെ തട്ടിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മാസങ്ങളായി കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാതെയായിട്ടും സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: