കുണ്ടറ: കണ്ണന്റെ കടമ്പ് പൂവിട്ടതിന്റെ ആനന്ദത്തിലാണ് പെരുമ്പുഴ ചിറയടി ശ്രീ മഹാദേവര്‍ ക്ഷേത്രവിശ്വാസികള്‍… ക്ഷേത്രത്തിലെ കടമ്പ് മരമാണ് പൂവിട്ടത്. ചുറ്റമ്പലത്തിന് വെളിയിലാണ് കടമ്പ് മൂടുറപ്പിച്ചിട്ടുള്ളത്. എന്നാല്‍ മരത്തിന്റെ ഒരു കൊമ്പ് ചുറ്റമ്പലത്തിനകത്തേക്ക് തണല്‍ വിരിയ്‌ക്കുന്നുണ്ട്. ഈ കൊമ്പില്‍ മാത്രമാണ് പൂക്കള്‍ വിരിഞ്ഞതെന്നതാണ് മറ്റൊരു കൗതുകം.
ഗോളാകൃതിയിലാണ് കടമ്പിന്റെ പൂവ്. മരത്തിന് കദംബവൃക്ഷമെന്നും പേരുണ്ട്. മഹാഭാരത കഥയിലും ഭാഗവതത്തിലും മറ്റ് പുരാണങ്ങളിലും കടമ്പിന്റെ വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. കാളിയ മര്‍ദ്ദനവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രചാരമുള്ള കഥ. യമുനാ നദിയില്‍ വസിച്ചിരുന്ന കാളിയന്‍ എന്ന സര്‍പ്പത്തിന്റെ വിഷത്താല്‍ വൃന്ദാവനത്തിലെ മരങ്ങളെല്ലാം ഉണങ്ങിക്കരിഞ്ഞു. എന്നാല്‍ തീരംതൊട്ടുനിന്ന കദംബ വൃക്ഷത്തില്‍ മാത്രം വിഷമേറ്റില്ല. പച്ചപ്പോടെ നിന്ന കദംബ വൃക്ഷത്തിന് മുകളില്‍ നിന്നാണ് കൃഷ്ണന്‍ കാളിയനെ വകവരുത്താനായി യമുനാ നദിയിലേക്ക് ചാടിയതെന്നാണ് വിശ്വാസം.
ഗരുഡന്‍ ദേവലോകത്തുനിന്ന് അമൃതുമായി വരുന്നവഴി യമുനാനദിക്കരയില്‍ നില്‍ക്കുന്ന കടമ്പ് മരത്തില്‍ വിശ്രമിക്കാനിടയായെന്നും കുറച്ച് അമൃത് മരത്തില്‍ വീണതുകൊണ്ടാണ് കാളിയന്റെ കൊടുംവിഷം മരത്തില്‍ ഏല്‍ക്കാഞ്ഞതെന്നും കഥകളുണ്ട്.
കൃഷ്ണ ക്ഷേത്രങ്ങളില്‍ കടമ്പ് വൃക്ഷത്തിന് സവിശേഷ പ്രാധാന്യവുമുണ്ട്. നല്ല സുഗന്ധമാണ് പൂക്കളുടെ പ്രത്യേകത. സുഗന്ധ തൈല നിര്‍മ്മാണത്തിനും മറ്റും ഈ പൂക്കള്‍ ഉപയോഗിക്കാറുണ്ട്. തടി ശില്പ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്. ചിറയടി ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ അഞ്ച് വര്‍ഷമായി മഹാരുദ്രം നടന്നുവരികയാണ്. ആറാമത്തെ മഹാരുദ്രം നടക്കാനിരിക്കെയാണ് കടമ്പ് പൂവിട്ടത്.
കൊറോണ വൈറസിനോട് സാമ്യമുള്ള പൂവ് കണ്ട് കുട്ടികള്‍ കൊറോണ പുവെന്ന് വിളിച്ചുതുടങ്ങിയതോടെയാണ് സമീപവാസികളും ശ്രദ്ധിച്ചുതുടങ്ങിയത്. ഏഴ് വര്‍ഷം മുന്‍പാണ് ക്ഷേത്രമുറ്റത്ത് കടമ്പിന്റെ തൈ നട്ടത്. ചിത്രശലഭങ്ങള്‍ക്ക് ഏറെ പ്രിയങ്കരമാണ് കടമ്പിന്‍പൂക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: