പറവൂര്‍: ഉയര്‍ന്ന പോഷക ഗുണങ്ങളുള്ളതും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതുമായ പൊക്കാളി നെല്ലിന്റെ ഉല്പാദനം വര്‍ധിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് ആവശ്യപ്പെട്ടു. കടമക്കുടിയില്‍ നടന്ന പൊക്കാളി കൃഷിക്കായുള്ള വിത്തുകെട്ടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെമ്മീന്‍ കെട്ടുകളില്‍ മാത്രം കൃഷി ചെയ്യുന്ന നെല്‍ ചെടികളാണ് എന്നുള്ളതാണ് പൊക്കാളി അരിയുടെ പ്രത്യേകത. ജലത്തിലെ ലവണാംശമോ മുങ്ങി പോകുന്ന തരത്തിലുള്ള വെളളപൊക്കമോ കൃഷിയെ കാര്യമായി ബാധിക്കില്ല. വെളളമിറങ്ങിയാല് വീണ്ടും കിളിര്‍ത്ത് വിളവെടുപ്പിന് തയ്യാറാവും.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊക്കാളി നിലവികസന ഏജന്‍സി പൊക്കാളി കൃഷി പരിപോഷിപ്പിക്കുന്നതില്‍ യാതൊരു ശ്രദ്ധയും കൊടുക്കാതെ അവഗണിക്കുകയാണ്.
പരമ്പരാഗതമായി കൃഷി ചെയ്യുന്നവരില്‍ പലരും ഇപ്പോള്‍ മറ്റ് കൂലിപ്പണിയെ ആശ്രയിക്കുകയാണ്. പാടങ്ങള്‍ വെറുതെ കിടന്ന് നശിച്ചു പോകാതിരിക്കാന്‍ മാത്രം നാമമാത്രമായി കൃഷി ചെയ്യുന്നവരാണ് ഇപ്പോള്‍ ഉള്ളത്. അടിക്കടിയുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാന്‍ കെല്പുള്ള പൊക്കാളി കൃഷി ജില്ലയില്‍ വ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: