ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്കില്‍ നിന്നും ലാഭവിഹിതത്തുകയായി ഇക്കുറി മോദി സര്‍ക്കാരിന് ലഭിക്കുക 2.5 ലക്ഷം കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) നേടിയ ലാഭവിഹിതത്തില്‍ നിന്നാണ് 2.5 ലക്ഷം കോടി രൂപ റിസര്‍വ്വ് ബാങ്ക് മോദി സര്‍ക്കാരിന് നല്‍കുക.
ഇതിന് മുന്‍പത്തെ വര്‍ഷം (2023-24) 2.11 ലക്ഷം കോടി രൂപ മോദി സര്‍ക്കാരിന് റിസര്‍വ്വ് ബാങ്ക് ലാഭവിഹിതത്തില്‍ നിന്നും നല്‍കിയിരുന്നു. ഇക്കുറി എത്ര നല്‍കുമെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2.5 ലക്ഷം കോടി രൂപയെങ്കിലും കുറഞ്ഞത് നല്‍കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
റിസര്‍വ്വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന തുക മോദി സര്‍ക്കാരിന് ധനക്കമ്മി കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ക്കും ഉപയോഗിക്കും. ഇത് ബാങ്കുകളിലെ പണലഭ്യത വര്‍ധിപ്പിക്കുമെന്നും കരുതുന്നു.
എന്താണ് റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം?
റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശ, സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള പലിശ, വിദേശ നിക്ഷേപം, വിദേശ നാണയ വിനിമയം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയാണ് റിസര്‍വ്വ് ബാങ്കിന് വരുമാനം ലഭിക്കുന്നത്. ആകെ ലാഭത്തിന്റെ 6.5 ശതമാനം കരുതല്‍ ധനമായി കയ്യില്വെക്കണം. ബാക്കി വരുന്ന ലാഭവിഹിതത്തിലെ തുകയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: