65-ാമത് മേളരാഗമാണ് കല്യാണി. മംഗളകാര്യങ്ങളുടെ ദേവതയായാണ് കല്യാണിയെ വിശേഷിപ്പിക്കുന്നത്. രാഗങ്ങളിലെ രാജ്ഞിയായും ചിലര്‍ കല്യാണിയെ വിശേഷിപ്പിക്കുന്നു. 72 മേളകര്‍ത്താപദ്ധതിയില്‍ മേചകല്യാണി എന്നാണ് ഈ രാഗത്തിന്റെ പേര്. ‘മേച’ എന്നത് 65 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു. കര്‍ണാടക സംഗീതത്തില്‍ വളരെയധികം പ്രചാരത്തിലുള്ള ഒരു പ്രതിമധ്യമ രാഗമാണിത്.
ആരോഹണം: സരിഗമപധനിസ
അവരോഹണം: സനിധപ മഗരിസ
സമ്പൂര്‍ണ്ണ രാഗമാണ് കല്യാണി. ഷഡ്ജ-പഞ്ചമ സ്വരങ്ങള്‍ കൂടാതെ ചതുര്‍ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, പ്രതിമധ്യമം, ചതുര്‍ശ്രുതി ധൈവതം, കാകളി നിഷാദം എന്നിവയാണ് ഈ രാഗത്തിലുപയോഗിക്കുന്ന സ്വരങ്ങള്‍. രി, ഗ, മ, ധ, നി, എന്നിവ രാഗച്ഛായാ സ്വരങ്ങളാണ്. പഞ്ചമവര്‍ജ്യ പ്രയോഗങ്ങളെല്ലാം രഞ്ജക പ്രയോഗങ്ങളാണ്. ഇതൊരു സാര്‍വകാലിക രാഗമാണെങ്കിലും സായാഹ്നമാണ് രാഗാലാപനത്തിന് അനുയോജ്യമായ സമയം. വിസ്തരിച്ചുള്ള രാഗാലാപനത്തിന് യോജിച്ച രാഗമാണിത്. ഭക്തി, ശൃംഗാരം, വാത്സല്യം തുടങ്ങിയ രസങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന രാഗം.
ഇതൊരു മൂര്ച്ചനാകാരക മേളം കൂടിയാണ്. ഈ രാഗത്തിന്റെ രി, ഗ, പ, ധ, നി എന്നീ സ്വരങ്ങള്‍ ആധാരഷഡ്ജമാക്കി ഗ്രഹഭേദം ചെയ്താല്‍ യഥാക്രമം ഹരികാംബോജി, നഠഭൈരവി, ശങ്കരാഭരണം, ഖരഹരപ്രിയ, തോടി എന്നീ മേളരാഗങ്ങള്‍ ലഭിക്കും. സ്ഫുരിതം, ത്രിപുശ്ഛം, മുതലായ ഗമകങ്ങള്‍ വളരെ ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിയുന്ന രാഗമെന്ന പ്രതേ്യകതയും ഇതിനുണ്ട്. പ്രാചീന സംഗീതത്തിലെ രാഗങ്ങള്‍ക്ക് സമാനമായ ഷഡ്ജ ഗ്രാമത്തിന്റെ നിഷാദമൂര്ച്ഛന കൂടിയാണ് കല്യാണി.
പ്രാചീന രാഗമായ കല്യാണി മനുഷ്യന് പരിചിതമായ ആദ്യത്തെ പ്രതിമധ്യമ രാഗമാണെന്ന് പറയപ്പെടുന്നു. ശാന്ത കല്യാണി എന്നാണ് ഈ രാഗം മുന്‍പ് അറിയപ്പെട്ടിരുന്നത്. കല്യാണി രാഗത്തെ, വസന്തരാഗത്തിന്റെ രാഗിണിയായി ബൃഹദ്ധര്‍മ്മപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി രാഗത്തിലെ യമന്‍ ഥാട്ട് ഇതിന് സമാനമായ മേള രാഗമാണ്.
ഏതാവുന്നറ, നിധിചാല സുഖമാ, ശിവേ പാഹിമാം, സുന്ദരി നീ ദിവ്യരൂപ, അമ്മറാവമ്മ, ഭജരെ രഘുവീരം, വാസുദേവായനി (ത്യാഗരാജന്), കമലാംബാം ഭജരേ, ശ്രീ മധുരാംബികേ, ഭജരേ രേ ചിത്ത (മുത്തുസ്വാമി ദീക്ഷിതര്‍), ഹിമാദ്രി സുതേ, തല്ലിനിന്നു (ശ്യാമാ ശാസ്ത്രി), പരിപാഹി മാമയി, പങ്കജലോചന, സാരസ സുവദന (സ്വാതിതിരുനാള്‍), ഉന്നൈയല്ലാല്‍ (പാപനാശം ശിവന്), മംഗള ദേവതേ (കെ. സി. കേശവപിള്ള) എന്നിവ ഈ രാഗത്തില്‍ രചിക്കപ്പെട്ട ചില കൃതികളാണ്.
അറിവില്‍പെട്ടിടത്തോളം മുന്നൂറോളം മലയാള ചലച്ചിത്രഗാനങ്ങളാണ് ഈ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മറ്റു വിഭാഗങ്ങളില്പ്പെടുന്നവ വേറെയും. പൂവാടികളില്‍ (വ്യാമോഹം), ഒരു മയില്‍പ്പീലിയായ് (അണിയാത്ത വളകള്‍), പൂങ്കാറ്റിനോടും (പൂമുഖപ്പടിയില്‍ നിന്നേയും കാത്ത് ), തളിരിട്ട കിനാക്കള്‍ തന് (മൂടുപടം), സ്വര്‍ണ്ണച്ചാമരം (യക്ഷി), പൊല്‍തിങ്കള്‍ക്കല പൊട്ടുതൊട്ട (കുമാരസംഭവം), ഓമലാളെ കണ്ടു ഞാന്‍ (സിന്ദൂരച്ചെപ്പ്), എന്റെ സ്വപ്നത്തിന് (അച്ചാണി), ദേവാങ്കണങ്ങള്‍ (ഞാന്‍ ഗന്ധര്വന്), അനുരാഗിണീ (ഒരു കുടക്കീഴില്), ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ (ധനം), സ്വര്‍ഗ്ഗനന്ദിനീ (ലങ്കാദഹനം), ആ നിമിഷത്തിന്റെ (ചന്ദ്രകാന്തം) തുടങ്ങി എത്ര മധുരമനോഹര ഗാനങ്ങളാണ് മലയാളത്തിലുണ്ടായിട്ടുള്ളത്. ഹിന്ദിയിലെ ജബ് ദീപ് ജലേ ആനാ (ചിത്ചോര്‍), തമിഴിലെ അമ്മാ എന്ട്രഴൈക്കാത് (മന്നന്), കാറ്റ്റിന്‍ മൊഴി (മൊഴി) എന്നീ ഗാനങ്ങളും ഈ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഡോ. സുനില്‍ വി.ടി.
(തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: