‘എന്റെ ശരീരം നിങ്ങളോടൊപ്പം ഇന്നില്ലെങ്കിലും എന്റെ ഗ്രന്ഥങ്ങളിലൂടെ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാവും’. പുണ്യ പുരുഷനായ സമര്‍ഥ് രാംദാസിന്റെ വചനാമൃതം കാലങ്ങളിലൂടെ ഒഴുകി ഇന്നും മഹാരാഷ്ട്രയില്‍ മുഴങ്ങിക്കേള്‍ക്കുന്നു. ഔറംഗാബാദിലെ ഗോദാവരീ തീരത്തെ ജംബഗ്രാമത്തില് 1608 ലാണ് ഭക്തി സംസ്കൃതിയുടെ പാവന നാമധേയമായ രാംദാസ് ജനിക്കുന്നത്. മാതാപിതാക്കളായ രണുബാബിയും സൂര്യാജി തോസറും കുഞ്ഞിനു നല്കിയ പേര് നാരായണ്‍ സൂര്യാജി തോസര്‍ എന്നാണ്. സൂര്യദേവനും ശ്രീരാമനുമാണ് കുടുംബദേവതകള്‍. ശ്രീരാമനെയും ഹനുമാനെയും ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ആരാധിച്ച രാംദാസ് എന്നു വിളികൊണ്ട ആ യോഗിവര്യന് ശ്രീരാമദര്ശന സൗഭാഗ്യമുണ്ടായെന്ന് ഐതിഹ്യമുണ്ട്. ‘ശ്രീരാം ജയറാം ജയ ജയ രാം’ എന്ന മന്ത്രവുമായി സഞ്ചരിച്ച രാംദാസിന് ‘സമര്‍ഥ്’ ബിരുദവും അഷ്ടസിദ്ധികളും നല്‍കിയത് ശ്രീരാമന് തന്നെയെന്ന് പഴങ്കഥകള്‍ പറയുന്നു.
പന്ത്രണ്ടു വയസ്സില്‍ വിവാഹ മണ്ഡപവേദിയില്‍ നിന്ന് വിരക്തനായി രാംദാസ് ആത്മീയ സഞ്ചാരം തുടങ്ങിയെന്നാണ് വിശ്വാസം. നാസിക് ജില്ലയിലെ രാമലക്ഷ്മണ സങ്കേതമായിരുന്ന പഞ്ചവടി സന്ദര്‍ശിച്ച ശേഷം ഗോദാവരി, നന്ദിനി നദികളുടെ സംഗമസ്ഥാനമായ തക്ലി ഗ്രാമത്തിലെത്തി അദ്ദേഹം ഏറെ നാള് തപസ്സിരുന്നു. രാമനെ സാക്ഷാത്ക്കരിച്ച രാംദാസ് 1632 കളിലാണ് സുദീര്‍ഘമായ തീര്‍ഥാടന പര്യടനമാരംഭിക്കുന്നത്. ആത്മീയ പൈതൃകത്തിന്റെ വേരു തേടിയുള്ള ആ യാത്ര ഐതിഹാസികമായിരുന്നു. ഇടയ്ക്കിടെ വിവിധ ഗുഹകളില്‍ നടത്തിയ ഏകാന്തധ്യാനം ആത്മീയോര്‍ജത്തിന് പുതുമാനമേകി. തക്ലി, ചന്ദ്രഗിരി, ഷിന്വാടി, ഹെല്വാല് തുടങ്ങിയ ആ ധ്യാനഗുഹകള്‍ ഇന്നും ഭക്തജനങ്ങളുടെ തീര്‍ഥാടന കേന്ദ്രങ്ങളാണ്.
മാനവിക ദുരന്തങ്ങളും, ദാരിദ്ര്യവും, അധിനിവേശ ശക്തികളുടെ നിഷേധവൃത്തികളും കൊണ്ട് പൊറുതി മുട്ടിത മധ്യകാല ഭാരതത്തിന്റെ നേര്‍ച്ചിത്രങ്ങളാണ് ‘അസ്മാനി സുല്‍ത്താനി’, ‘പരചക്ര നിരൂപണം’ എന്നീഗ്രന്ഥങ്ങളില് രാംദാസ് വിവരിക്കുന്നത്. ജനങ്ങളില്‍ നന്മയും പ്രസാദാത്മകതയും ആത്മവിശ്വാസവും പകരാനാണ് നൂതനമായൊരു ഭക്തി സമ്പ്രദായം ഗുരു ആവിഷ്ക്കരിച്ചത്. 1644 ല്‍ ചഫല്‍ ഗാമത്തില്‍ ശ്രീരാമന്റെ തേജോമയമായ വിഗ്രഹം പ്രതിഷ്ഠിച്ച് സംഘടിപ്പിച്ച ‘രാമജന്മോത്സവം’ നാടിനേകിയത് ഉജ്വലമായ കരുത്തും പ്രതീക്ഷയുമായിരുന്നു. ശക്തിഭക്തി പ്രതീകമായ ശ്രീഹനുമാനെ മുന്‍നിര്‍ത്തി ‘അധ്വാനിക്കുക, അനീതിയെ ചെറുക്കുക, ഐക്യത്തോടെ മുന്നേറുക’ എന്ന രാംദാസിന്റെ അമൃതഘോഷണം കേട്ട് നാടുണര്‍ന്നു.
ഗൃഹസ്ഥധര്മവും സ്ത്രീ ശക്തിയും ജീവിത മൂല്യങ്ങളും ആത്മദര്ശനങ്ങളുമാണ് ഗുരു പ്രചരിപ്പിച്ചത്. അസംഖ്യം പാഠശാലകളിലൂടെ വിദ്യാമൃതമേകി മുന്നേറിയ രാംദാസ് മാതൃശക്തിയുടെ മഹത്വം തുറന്നു കാട്ടി സ്ത്രൈണസങ്കല്പങ്ങള്ക്ക് നവമാനം നല്‍കുകയായിരുന്നു. ജാതിമതലിംഗാതീതമായ മാനവതയാണ് രാംദാസിന്റെ ദര്‍ശനപ്പൊരുള്‍. വിവിധ സാഹിത്യ ദാര്‍ശനിക ശാഖകളില്‍ ചലനം സൃഷ്ടിച്ചവയാണ് ഗുരു ഗ്രന്ഥങ്ങള്‍. ‘ദാസ്ബോധ്’, ‘മനാ ചെ ശ്ലോക്’, ‘കരുണാഷ്ടക്’, ‘രാമായണ കാണ്ഡങ്ങള്‍’,’ആത്മാറാം പഞ്ചക്’, ‘നമ പഞ്ചക്’ ,’ശിവകല്യാണി രാജ’ എന്നീ രചനകള്‍ ഇന്നും ജനസാമാന്യത്തിന് പ്രിയങ്കരമാണ്. ‘ആരതി’ കളില്‍ വിശിഷ്ടമാണ് ‘ഗണേശ ആരതി’യും ‘ഹനുമാന് ആരതി’യും.
‘മറാത്തി സിംഹ’മായ ശിവജിയുടെ സമകാലികനായിരുന്നു രാംദാസ്. ഇരുവരും കഥാപാത്രങ്ങളാകുന്ന മൂല്യവത്തായ കഥകള്‍ ഗുണപാഠങ്ങളാണ്. 1681 ലാണ് സജ്ജന്‍ഗഢില്‍ പൂജനീയ ഗുരുനാഥന് രഘുവീരനില് വിലയം പ്രാപിക്കുന്നത്. രാമരാജ്യത്തിന്റെ ഐതിഹാസികമായ ആ ധര്‍മവീര്യം ഭാരതീയനെ എന്നും ഉത്തേജിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: