‘എന്നെ രാജ്യാന്തര മികവുള്ള അത്ലറ്റാക്കിയതിലെ പ്രധാന പങ്ക് കോച്ച് ഒ.എം. നമ്പ്യാര്‍ സാറിനുള്ളതാണ്. അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട. പരിശീലനത്തിലെ ആത്മാര്‍ഥതയുടെ കാര്യത്തില്‍ നമ്പ്യാര്‍ സാറിനെ വെല്ലാന്‍ ഭാരതത്തില്‍ മറ്റൊരു കോച്ചില്ല. എന്നാല്‍ ശരിക്കും പിടിവാശിയുള്ള ആളാണ്. പരിശീലനത്തില്‍ സ്വന്തം രീതികള്‍ തന്നെ തുടരണമെന്ന് നിര്‍ബന്ധം. ഗുണകരമായ പുതിയ രീതികള്‍ സ്വീകരിക്കാന്‍ അദ്ദേഹം വിമുഖത കാട്ടി. ഞാന്‍ നല്ല ഫോമിലായിരുന്ന സമയത്ത് എനിക്കു കുറേക്കൂടി മികച്ച പരിശീലനങ്ങള്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ എന്റെ നേട്ടം ഇതിലുമേറെയാകുമായിരുന്നു.
ഫിസിയോളജി ടെസ്റ്റ് പോലുള്ള ശാസ്ത്രീയ പരിശോധനാ രീതികള്‍ നടത്താനും മറ്റും നമ്പ്യാര്‍ സാര്‍ തയ്യാറായിരുന്നില്ല. അതൊക്കെ എന്തിനാണെന്ന ഒരു സമീപനമായിരുന്നു. അന്നൊന്നും എനിക്ക് ഇക്കാര്യത്തില്‍ വലിയ ഗ്രാഹ്യമില്ലായിരുന്നു. പിന്നീടാണു ഇത്തരം പുതിയ രീതികളെക്കുറിച്ച് സാറിനു വലിയ പിടിയില്ലായിരുന്നു എന്നു ഞാന്‍ അറിഞ്ഞത്. ഒരു യഥാര്‍ത്ഥ അത്ലറ്റിന്റെ നേട്ടത്തിനു പിന്നില്‍ ഒന്നോ രണ്ടോ പേരല്ല, മറിച്ച് ഏറെപേരുടെ കൂട്ടായ പരിശ്രമമുണ്ടെന്നു ഞാന്‍ മനസ്സിലാക്കുമ്പോഴേക്കും വൈകി. കോച്ച് ഫിസിയോളജിസ്റ്റ്, മസാജര്‍, ന്യൂട്രീഷനിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ടീം വര്‍ക്ക് ആണ് മികച്ച രാജ്യാന്തര അത്ലറ്റിനെ ഉണ്ടാക്കുന്നത്. അതൊന്നും ഇല്ലാതിരുന്നിട്ടും എനിക്ക് ഇത്രയും പിടിച്ചുനില്‍ക്കാനായതു ദൈവകൃപയാല്‍ മാത്രമാണെന്നു വിശ്വസിക്കുന്നു. എന്നാല്‍ എന്നിലെ അത്ലറ്റിനെ കണ്ടെത്തിയതും രാജ്യാന്തര നിലവാരത്തില്‍ എന്നെ എത്തിച്ചതും നമ്പ്യാര്‍സാര്‍ തന്നെയാണ്. അതു ലോകത്തിനു മുഴുവന്‍ നന്നായറിയാം.
1993ല്‍ കായികരംഗത്തേക്കു തിരിച്ചുവന്ന് വീണ്ടും ഞാന്‍ രണ്ടുമാസത്തോളം നമ്പ്യാര്‍ സാറിന്റെ കീഴിലായിരുന്നു പരിശീലനം ചെയ്തത്. അന്ന് അദ്ദേഹത്തോടൊപ്പം സാര്‍ പുതുതായി കണ്ടെത്തിയ കുട്ടികളും ഉണ്ടായിരുന്നു. പിന്നീടെന്തുകൊണ്ടോ സാറിന് എന്നെ പരിശീലിപ്പിക്കുന്നത് വലിയ താല്പര്യം തോന്നിയില്ല. അതു മനസ്സിലാക്കി സാറിനോട് അക്കാര്യം തുറന്നുപറയുകയും ചെയ്തു. മറ്റു കുട്ടികളുടെ കാര്യത്തില്‍ സാറിന്റെ ശ്രദ്ധ കൂടുതലായി വേണമെന്നു മനസ്സിലാക്കിയ ഞാന്‍ സ്വയം പിന്മാറുകയായിരുന്നു. അതിനുശേഷമാണു ജെ.എസ്. ഭാട്യ സാര്‍ എത്തിയത്. എന്നെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ആ സമയത്ത് എന്നെ പരിശീലിപ്പിക്കാന്‍ തയ്യാറായതുതന്നെ ഒരു തരത്തില്‍ സാഹസമായിരുന്നു. പിന്നീട് ഞാന്‍ വിരമിക്കും വരെ അദ്ദേഹം എന്റെ പരിശീലകനായി തുടര്‍ന്നു.
രാജ്യത്തെ ഏറ്റവും മികച്ച രണ്ട് അത്ലറ്റ്ക്സ് കോച്ചുകളുടെ പരിശീലനം സിദ്ധിച്ചുവെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. രണ്ടുപേരും തമ്മില്‍ സമാനതകളും വ്യത്യാസങ്ങളും ഏറെയുണ്ട്. നമ്പ്യാര്‍ സാര്‍ ആരെയും ഭയക്കാത്ത എല്ലാം തുറന്നടിക്കുന്ന പ്രകൃതക്കാരന്. ഭാട്യയാകട്ടെ എല്ലാവരെയും ഭയക്കുന്നയാള്‍. ചെറിയൊരു കാര്യം പറയാന്‍പോലും പേടിയാണദ്ദേഹത്തിന്. തുല്യമായ പരിഗണനയും ആത്മാര്‍ഥതയും പരിശീലിപ്പിക്കുന്ന എല്ലാ അത്ലറ്റുകളോടും അവര്‍ കാണിച്ചിരുന്നു.
പക്ഷേ പ്രധാന വ്യത്യാസം വേറെയാണ്. തന്റേതായ ശൈലിയില്‍ പരിശീലനം മുന്നോട്ടുകൊണ്ടുപോകുമ്പോഴും മറ്റു പരിശീലകര്‍ ആവിഷ്ക്കരിച്ചതും ഗുണകരവുമായ രീതികള്‍ പരീക്ഷിച്ചുനോക്കാന്‍ എന്നും തയ്യാറായിരുന്നു കോച്ച് ഭാട്യ. ഫിസിേയോളജി ടെസ്റ്റ് അടക്കമുള്ള ഏതൊരു പുതിയ ശാസ്ത്രീയ പരിശോധനാ സമ്പ്രദായങ്ങളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: