കോഴിക്കോട്: ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഇതര സംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികളെ തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് കളക്ട്രേറ്റിന് മുന്പില് നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാസ് നല്കുന്ന കാര്യത്തിലും ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതുതുറന്നു സമ്മതിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അതില്‍ ദുരഭിമാനത്തിന്റെ ആവശ്യമില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ട് മാത്രം മുന്നോട്ടു പോകുന്നില്ലെങ്കില്‍ സന്നദ്ധ സംഘടനങ്ങളുടെ സഹായം തേടാന്‍ തയ്യാറാകണം. സേവാഭാരതി ഉള്‍പ്പെടെ ആയിരക്കണക്കിന് സംഘടനകളാണ് ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് സഹായവുമായി എത്തിയത്. ഈ സംഘടനകളെല്ലാം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സഹായം നല്കാന് സന്നദ്ധരുമാണ്. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്ന് പറഞ്ഞിരുന്നെങ്കിലും പല ക്വാറന്റൈന് കേന്ദ്രങ്ങളിലും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും വീഴ്ചകള്‍ ഉണ്ടായെന്ന് കുറഞ്ഞ പ്രവാസികള്‍ എത്തിയപ്പോള്‍ തന്നെ വ്യകതമായതാണ്.
ഇതരസംസ്ഥാനങ്ങളില്‍ കുടങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ച് എത്തിക്കാന്‍ ശ്രമിക്ക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇനിയെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചു എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, മേഖലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്, ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്, ജില്ല ജനറല്‍ സെക്രട്ടറിമാരായ ടി. ബാലസോമന്‍, എം. മോഹനന് എന്നിവര്‍ സംസാരിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ഉപവാസ സമരം ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: