തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ. ഇന്ന് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് പേരും വയനാട് ജില്ലക്കാരാണ്. സമ്പര്‍ക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടായത്. ചെന്നൈയില്‍ പോയി മടങ്ങിയെത്തിയ ലോറി ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്‌ക്കും ഭാര്യക്കും വാഹനത്തിലെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ സംസ്ഥാനത്ത് 37 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് സംസ്ഥാനത്ത് ആരും രോഗമുക്തി നേടിയിട്ടില്ല. 21,342 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്, ഇതില്‍ 21,034 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 502 ആയി. തുറമുഖങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















