എല്ലാ സദ്കര്‍മങ്ങളും അനുഷ്ഠിക്കേണ്ട പുണ്യകാലമാണ് വൈശാഖ മാസം. പുരാണ പാരായണം, നാമജപം, തീര്‍ത്ഥസ്നാനം, മഹാക്ഷേത്ര ദര്‍ശനം എന്നിവകള്‍ക്ക് ഉചിതമായ സമയം. മെയ് 22 വരെ നീളുന്ന ഈ പുണ്യകാലത്ത് ഒട്ടേറെ ഭാഗവത സപ്താഹങ്ങള്‍ നടത്താന്‍ ക്ഷണം സ്വീകരിച്ചിരുന്നെങ്കിലും ലോകവ്യാപകമായ മഹാവ്യാധിയാല് അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നതിന്റെ മനോവിഷമമുണ്ട്. 65 വര്‍ഷത്തോളമായി ഭാഗവതരംഗത്ത് എത്തിച്ചേര്‍ന്നിട്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ സപ്താഹയജ്ഞങ്ങള്‍ മുടങ്ങാതെ നടത്തിവരാറുള്ള എനിക്ക് ഇത് ആദ്യാനുഭവമാണ്.മഹാവിഷ്ണുവിനെ ഉപാസിക്കേണ്ട സന്ദര്‍ഭമാണ് വൈശാഖമെന്ന് പത്മ പുരാണത്തിലും, സ്കന്ദപുരാണത്തിലും സൂചനയുണ്ട്.
പുലര്‍കാലത്തെ മുങ്ങിക്കുളി ഈ സമയത്ത് നിര്‍ബന്ധമാണ്. ഗംഗാദേവിയുടെ സാന്നിധ്യത്താല്‍ പുണ്യമായിത്തീരുന്ന സന്ദര്‍ഭമാണിതെന്ന് മഹാത്മാക്കള്‍ പറയുന്നു. വസ്ത്രങ്ങളും, ഭക്ഷണസാധനങ്ങളും, ഫലവര്‍ഗങ്ങളും ദാനം ചെയ്യുവാന്‍ ഈ കാലം അതിവിശേഷമാണ്. ഭാഗവതം, നാരായണീയം, വിഷ്ണു സഹസ്രനാമജപം, ഭഗവല്കീര്ത്തനങ്ങള് എന്നിവ വീടുകളില്‍ ഇരുന്നു ചൊല്ലുവാനും ഈ സമയം പ്രയോജനപ്പെടുത്തണം.
ഭാഗവതാചാര്യന്‍
വെണ്മണി കൃഷ്ണന് നമ്പൂതിരിപ്പാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: