വടകര: ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും വടകര മേഖലയിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഇപ്പോഴും കടലില്‍ പോകാന്‍ കഴിയുന്നില്ല. ചോമ്പാല മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ചാണ് വടകരയിലെ തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഏപ്രില്‍ മൂന്നു മുതല്‍ ഇവിടം കേന്ദ്രീകരിച്ച് മീന്‍പിടിത്തം പുനരാരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ വീണ്ടും നിലച്ചു.
ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്ന അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മെയ് മൂന്നുവരെ ഹാര്‍ബര്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നൂറുകണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്. നേരത്തേ അഴിത്തല, കുരിയാടി ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മുട്ടുങ്ങല്‍ എല്ലാന്കല്ലിന് താഴെ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വള്ളത്തില്‍ മത്സ്യം എത്തിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ വള്ളങ്ങളും ഹാര്ബറില്ത്തന്നെ മത്സ്യവുമായി എത്തണമെന്ന നിബന്ധന വെച്ചതോടെ ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനവും വില്‍പ്പനയും നടക്കുന്നില്ല.
പലസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യവില്‍പ്പന നടത്തുമ്പോള്‍ ഈ സ്ഥലങ്ങളിലെല്ലാം തന്നെ ആള്‍ക്കൂട്ടമുണ്ടാവുകയും ഇത് ലോക്ഡൗണ്‍ ലംഘനമാവുകയും ചെയ്യുമെന്നതിനാലാണ് ഒരിടത്തുമാത്രം കേന്ദ്രീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതുപ്രകാരം ഏപ്രില്‍ മൂന്നിനുശേഷംവള്ളങ്ങളെല്ലാം ചോമ്പാല ഹാര്‍ബറില്‍ എത്തിയെങ്കിലും ഇവിടെ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. പല പ്രദേശങ്ങളില്‍നിന്നുള്ളവര്‍ മീന്‍ വാങ്ങാന്‍ ഇവിടെ എത്താന്‍ തുടങ്ങി. പ്രദേശവാസികള്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഇതോടെ 14 വരെ ഹാര്‍ബര്‍ അടയ്ക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് അഴിയൂരില്‍ മൂന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും പഞ്ചായത്ത് ഹോട്സ്പോട്ടായതും. മെയ് മൂന്നു വരെ നിയന്ത്രണങ്ങള്‍ ഇവിടെ കര്‍ശനമായി തുടരും. മറ്റ് സ്ഥലങ്ങളില്‍ മത്സ്യബന്ധനം തടസ്സമില്ലാതെ നടക്കുമ്പോള്‍ വടകര മുതല്‍ അഴിയൂര്‍ വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: