കോഴിക്കോട്: ഫോണ്‍ നിര്‍ത്താതെ അടിക്കുകയായിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ ഹിന്ദിയിലാണ് സംസാരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണ്‍ വിളിച്ചത് പറയുമ്പോള്‍ അഡ്വ.പി. മോഹന്‍ദാസിന് ഇപ്പോഴും വിശ്വാസം വരുന്നില്ല.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പഴയകാല നേതാക്കളെ ബന്ധപ്പെടുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പഴയ ജനസംഘം- ബിജെപി നേതാവായ അഡ്വ.പി. മോഹന്‍ദാസിനെ വിളിക്കുന്നത്.’സുഖവിവരങ്ങള്‍ അന്വേഷിച്ചു. ആരോഗ്യത്തെക്കുറിച്ചും കോഴിക്കോട്ടെ സാഹചര്യങ്ങളെക്കുറിച്ചും അന്വേഷിച്ചു’. അദ്ദേഹം പറഞ്ഞു. ഹിന്ദിയിലായിരുന്നു സംസാരം. ദീര്‍ഘകാലമായി ഹിന്ദി സ്ഥിരമായി ഉപയോഗിക്കാത്തതുകാരണം ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു മറുപടി. ‘എസ്എസ്എല്‍സിക്ക് ഹിന്ദിയില്‍ നല്ല മാര്‍ക്ക് ഉണ്ടായിരുന്നു. രണ്ടാം ഭാഷയായി പഠിച്ചത് ഹിന്ദി തന്നെ. എന്നാല്‍ ദീര്‍ഘകാലമായി ഉപയോഗിക്കാത്തതുകൊണ്ട് പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോള്‍ ഹിന്ദി വേണ്ടത്ര വഴങ്ങിയില്ല. ഇംഗ്ലീഷിലായിരുന്നു മറുപടി കൂടുതല്‍. ‘ അദ്ദേഹം പറഞ്ഞു. കോവിഡ് നിര്‍ദ്ദേശങ്ങള്‍ അപ്പടി അനുസരിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് കോഴിക്കോട്ടെ മുതിര്‍ന്ന അഭിഭാഷകന്. കഥകളി, ചിത്രരചന, ശില്പനിര്മ്മാണം എന്നീ കലാമേഖലകളില്‍ പ്രതിഭ തെളിയിച്ച ഈ പഴയ രാഷ്ട്രീയക്കാരന് ഇപ്പോള്‍ ഭാരതീയവിചാരകേന്ദ്രത്തിന്റെ ജില്ലാ അദ്ധ്യക്ഷനാണ്. 1972ലും 74 ലും ജനസംഘത്തിന്റെ ജില്ലാ അദ്ധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായിരുന്നു. ബിജെപി രൂപീകരിച്ചപ്പോള്‍ രണ്ട് തവണ ജില്ലാ പ്രസിഡന്റായി. കര്‍ഷകമോര്‍ച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായും ദേശീയ എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി ചിത്രരചനയില്ലെങ്കിലും കോവിഡ് കാലത്ത് വീണ്ടും രചനയിലേര്പ്പെട്ടിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ വിളി വന്നത്. ആ സന്തോഷം പങ്കിടുമ്പോള്‍ രാഷ്ട്ര നായകന്റെ കരുതലും വിശാലഹൃദയവും എത്രമാത്രം ജനമനസ്സിനൊപ്പമാണെന്ന് പറയുകയായിരുന്നു രാഷ്ട്രീയത്തിലും കലയിലും അഭിഭാഷകവൃത്തിയിലും ശോഭിച്ച അഡ്വ. മോഹന്‍ദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: