ഗുരുവിനെ അന്വേഷിച്ചലയുക, ഒടുക്കം ആത്മാവിനിണങ്ങിയ ഗുരുവിനെത്തന്നെ ലഭിക്കുക. പോയകാലം ആത്മാന്വേഷണ കുതുകികള്‍ക്ക് ഇത് അനുഭവ സിദ്ധമായിരുന്നു. 16ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ വൃന്ദാവന പ്രാന്തത്തിലുള്ള കര്‍ഷകകുടുംബത്തില്‍ ഭഗവന്‍ദാസിന്റെ പുത്രനായി ജനിച്ച കുംഭന്‍ദാസ് അന്വേഷിച്ചു കണ്ടെത്തിയ ഗുരു ‘ശ്രീനാഥ്ജി മന്ദിറി’ലെ പരമഭാഗവതനായ ശ്രീവല്ലഭാചാര്യയായിരുന്നു. പത്നീസമേതനായാണ് ഗുരുവിനെ ദര്‍ശിക്കാനെത്തിയത്. രാധാകൃഷണഭാവ മധുരം കിനിയുന്നൊരു കീര്‍ത്തനമാണ് അദ്ദേഹം മോഹനരാഗമായി ഗുരുവിന് നേദിച്ചത്. വല്ലഭാചാര്യയുടെ ശിഷ്യനായി മാറിയ കുംഭന്‍ദാസ് ആ ക്ഷേത്രത്തിലെ ആദ്യ സേവകനായി. നിത്യപൂജയില്‍ എട്ടു മുഹൂര്‍ത്തങ്ങളിലും സംഗീതാരാധനയുണ്ട്. വിഷ്ണുകീര്‍ത്തനങ്ങളും പദങ്ങളും രചിച്ച് സമൂഹത്തിന്റെ വിസ്മയാദരങ്ങള്‍ നേടിയ കുംഭന്‍ ദാസിന്റെ കീര്‍ത്തനങ്ങള്‍ ഇന്നും ശ്രീനാഥ്ജി മന്ദിറില്‍ നിന്നുയര്‍ന്ന് കേള്‍ക്കാം.
കൃഷിയും പശു വളര്‍ത്തലുമായി കുംഭന്‍ദാസ് കുടുംബം പുലര്‍ത്തി. അദ്ദേഹത്തിന്റെ കര്‍മങ്ങളില്‍ ആകൃഷ്ടനായ ഗ്വാളിയോര്‍ രാജാവ് മധുകര്ഷയുടെ പാരിതോഷിക വാഗ്ദാനങ്ങളെല്ലാം ആദരവോടെ കുംഭന്‍ദാസ് നിരസിക്കുകയായിരുന്നു. ‘ഓരോ തരി മണ്ണിലും വിഷ്ണുവിന്റെ പാദമുദ്ര പതിഞ്ഞിട്ടുണ്ട്. ഒരു നുള്ള് മണ്ണ് സൃഷ്ടിക്കാന്‍ മനുഷ്യനാവില്ല.’ കുംഭന്ഭാസിന്റെ തത്വദര്‍ശനം കേട്ട് രാജാവിന്റെ ആത്മാവുണര്ന്നു.
കുംഭന്ദാസിനെ അക്ബര്‍ ചക്രവര്‍ത്തി കൊട്ടാരത്തില്‍ ക്ഷണിച്ചു വരുത്തിയ കഥയുണ്ട്. ചക്രവര്‍ത്തിയുടെ സ്തുതിഗീതമല്ല, പ്രപഞ്ച ചക്രവര്‍ത്തിയായ മഹാവിഷ്ണുവിന്റെ അപദാനമാണ് ആ ഭാഗവതോത്തമന്‍ അവിടെ ആലപിച്ചത്. വിഷ്ണുമയമായ കീര്‍ത്തനങ്ങളില്‍ യോഗവൈഭവത്തിന്റെ നിത്യസ്പര്ശം തുളുമ്പി നില്ക്കുന്നു. മാനവകുലത്തിന്റെ ഭാവിയിലേക്കുള്ള സത്യദര്‍ശനമായിരുന്നു ആ സംഗീതിക. സംസ്ക്കാരഭൂമികയുടെ സോപാനപ്പടിയില്‍ ധര്മത്യാഗങ്ങളുടെ സംഗീതമായി അത് വിളികൊള്ളുന്നു.
തടാകക്കരയില്‍ കുടില്‍കെട്ടി കുംഭന്‍ദാസ് മൃത്യുകാത്തു കിടന്നു. 1638 ല്‍ തന്റെ 113 ാം വയസ്സിലാണ് ആ ആത്മാവ് വിഷ്ണുലോകം ഗമിക്കുന്നത്. ‘രാഗകല്പദ്രുമം’ , ‘രാഗരത്നാകര്’, ‘വര്‍ഷോത്സവ കീര്ത്തന്’, ‘വസന്ത് ധമാര്‍ കീര്ത്തന്’ എന്നീ കീര്‍ത്തന സമാഹാരങ്ങളില്‍ കുംഭന്ദാസ്ജിയുടെ അനുഭൂതി ജന്യമായ ഭജനപദങ്ങള് ശേഖരിച്ചിട്ടുണ്ട്. സാക്ഷാത്ക്കാരം ലഭിച്ച ഈ ഗായകയോഗി പ്രാക്തനസംസ്കൃതിയുടെ ‘പുഷ്ടിമാര്‍ഗ’ ത്തില്‍ നിത്യപ്രഭയായ് ജ്വലിച്ചു നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: