തൃശൂര്‍ : കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ധനസഹായം നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ വ്യക്തതയില്ല. ഓണ്‍ ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാണ് വിജ്ഞാപനത്തില്‍ നിര്‍ദേശം. എന്നാല്‍ ഏത് വെബ്സൈറ്റ്, അല്ലെങ്കില്‍ ഏത് മെയില്‍, എപ്പോള്‍ അപേക്ഷിക്കണം, അവസാന തിയതി എന്ന് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇതേ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് സാധാരണക്കാരായ കലാകാരന്മാര്.
മാരകമായ കൊറോണ രോഗപീഡയില്‍ കേരളത്തിലെ കലാപ്രവര്‍ത്തക സമൂഹം ഏറെ വലയുകയാണ്. നിലവില്‍ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്, സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്ന് പെന്ഷന് വാങ്ങുന്നവര്‍ ഉള്‍പ്പെടെ 90,000 പേര്‍ക്ക് 1000 രൂപ വീതം 2 മാസം നല്‍കുന്നതാണ് കൊറോണ സമാശ്വാസ ധനസഹായ പദ്ധതി.
ക്ലാസിക്കല്‍, തിയറ്റര്‍, ലളിതകല, നാടോടി, അനുഷ്ഠന കലാരൂപങ്ങള്‍ അവതരിപ്പിച്ചു ജീവിക്കുന്നവരുടെ തൊഴില്‍ കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് . സംസ്ഥാനത്തു കല ഉപജീവന മാര്‍ഗമായി സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തിലധികംപേര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ ഏറ്റവും അര്‍ഹരായ 42,000 പേര്‍ക്ക് ആദ്യഘട്ടത്തില്‍ പദ്ധതി പ്രകാരം ധനസഹായം നല്‍കാനാണ് തീരുമാനം.
വിവിധ അക്കാദമികളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് 25 ശതമാനം നീക്കി വെച്ച് 32, 000 കലാപ്രവര്‍ത്തകര്‍ക്കു 1000 രൂപ വീതം 2 മാസം നല്‍കും. അവശേഷിക്കുന്ന അര്‍ഹരായ 50, 000 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാനാണ് തീരുമാനം. കേരളത്തില്‍ സ്ഥിര താമസക്കാരായ, 10 വര്‍ഷമായി കല ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള, 25 വയസ് പൂര്‍ത്തിയായവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംഗീത നാടക അക്കാദമിയാണ് ഏറ്റവും കൂടുതല്‍ കലാകാരന്മാരെ പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. 14, 400. തൊട്ടു പിറകില്‍ ഫോക്ക്ലോര്‍ അക്കാദമിയാണ് 8,000 പേര്. ലളിത കലാ അക്കാദമി 4,800 പേരെ പരിഗണിക്കും. ചലച്ചിത്ര അക്കാദമി 3, 680, സാഹിത്യ അക്കാദമി 1,120 എന്നിങ്ങനെ തെരഞ്ഞെടുക്കും. കലാപ്രകടനങ്ങള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്നവര്‍ക്കും ധനസഹായം ലഭിക്കും.
എന്നാല്‍ അപേക്ഷിക്കുന്ന കാര്യത്തിലുള്ള വ്യക്തതക്കുറവ് ,കൂടാതെ നെറ്റ് കഫേകളും അക്ഷയ കേന്ദ്രങ്ങളും തുറക്കാത്തതും സാധാരണക്കാരായ കലാകാരന്മാര്ക്ക് തിരിച്ചടിയായി. അപേക്ഷകള്‍ ഓണ്ലൈനില്മാത്രമേ സ്വീകരിക്കൂ എന്നതിനാല്‍ ഇതിനു കഴിയാത്ത സ്ഥിതിയാണ്.നിലവില്‍ സ്വന്തമായി കംപ്യൂട്ടറും മറ്റും അനുബന്ധ സൗകര്യങ്ങളും ഉള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
കലാകാരന്മാര്ക്ക് പുറമെ കലാപ്രകടനങ്ങള്‍ക്കു സൗകര്യമൊരുക്കുന്ന ശബ്ദ – വെളിച്ച സാങ്കേതിക ജോലിക്കാര്‍, സ്റ്റേജ്, പന്തല്‍ നിര്‍മ്മാണം, പരസ്യകല തുടങ്ങിയ മേഖലയിലുള്ളവരും കൊറോണയെ തുടര്‍ന്ന് തൊഴില്‍ ഇല്ലാതെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: