ന്യൂദല്‍ഹി: ക്ഷമയോടെ കാത്തിരിക്കുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍, കൊറോണയെ പോലെയുള്ള ഒരു മഹാമാരിയെപ്പോലും പരാജയപ്പെടുത്താന്‍ നമുക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.. ഈ ആത്മധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ഏഴു കാര്യങ്ങളില്‍ പിന്തുണ തേടുകയാണെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഏഴു കാര്യങ്ങളും അക്കമിട്ട് നിരത്തുകയും ചെയ്തു.
ആദ്യത്തെ കാര്യം
നിങ്ങളുടെ വീടുകളിലെ പ്രായമായവരെ, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. നാം അവരെ കൂടുതല്‍ ശ്രദ്ധിക്കുകയും കൊറോണ വൈറസ് ബാധയേല്‍ക്കാതെ സംരക്ഷിക്കുകയും വേണം.
രണ്ടാമത്തെ കാര്യം
ലോക്ക് ഡൗണിന്റെയും സാമൂഹിക അകലത്തിന്റെയും ‘ലക്ഷ്മണ രേഖ’ പൂര്‍ണ്ണമായും പാലിക്കുക. ഗൃഹ നിര്‍മിത മുഖാവരണങ്ങളുടെയും മാസ്‌കുകളുടെയും ഉപയോഗം കൃത്യമാക്കുക.
മൂന്നാമത്തെ കാര്യം
നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ചൂടുവെള്ളം പതിവായി ഉപയോഗിക്കുക.
നാലാമത്തെ കാര്യം
കൊറോണ അണുബാധ പടരാതിരിക്കാന്‍ സഹായിക്കുന്നതിന് ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക.
അഞ്ചാമത്തെ കാര്യം
പാവപ്പെട്ട കുടുംബങ്ങളെ നിങ്ങള്‍ക്ക് കഴിയുന്നത്ര സഹായിക്കുക. പ്രത്യേകിച്ചും അവരുടെ ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുക.
ആറാമത്തെ കാര്യം
നിങ്ങളുടെ ബിസിനസ്സിലോ വ്യവസായത്തിലോ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളോട് അനുകമ്പ കാണിക്കുക. അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്താതെ ഇരിക്കുക.
ഏഴാമത്തെ കാര്യം
നമ്മുടെ രാജ്യത്തിന്റെ കൊറോണ പോരാളികളെ നമ്മുടെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ശുചീകരണ പ്രവര്‍ത്തകരെയും പോലീസ് സേനയെയും ബഹുമാനിക്കുക.
















