ഗോപുരനടയില്‍ സന്ധ്യാവിളക്കുകള്‍ തെളിഞ്ഞു. അന്ന് സദ്സംഗ വേദിയില്‍ ഭക്തിയുടെ സാന്ദ്രസംഗീതമുയരുകയായിരുന്നു. ഒടുക്കം ഏവരും കാത്തിരുന്ന ഗായകകവി പുഞ്ചിരി പെയ്തുകൊണ്ട് പ്രവേശിച്ചു. രാമനാമമന്ത്രത്തില് അന്തരീക്ഷം മുഖരിതമായി. കണ്ണും കാതും വിടര്‍ത്തി സദസ്സ് ആ രാമായണ പാരായണം ഹൃദയത്തില്‍ സ്വീകരിച്ചു. ഗോസ്വാമി തുളസീദാസിന്റെ നാദലയങ്ങള്‍ ചക്രവര്‍ത്തിമാരുടെ ദര്ബാറുകള്ക്കപ്പുറം അതീതങ്ങളില്‍ മുഴങ്ങി.
ഉത്തര്‍പ്രദേശിലെ ചിത്രകൂടത്തിന് സമീപമാണ് 1497 ല്‍ രാംബോല ജനിച്ചത്. ക്ലേശകരമായ ജീവിതത്തിനിടയില്‍ ആചാര്യ നരഹരിദാസ് സൂകരക്ഷേത്രത്തില് തങ്ങുന്ന ബാലനെ കണ്ടെടുക്കുകയായിരുന്നു. സരയൂ തീരത്തെ തുളസീവനത്തില്‍ ഗുരുപദേശവും ആഞ്ജനേയ സ്തുതിയുമായി അവന് ആടിപ്പാടി. ശ്രീരാമവിഗ്രഹത്തെ നമസ്ക്കരിച്ചെഴുന്നേറ്റപ്പോള് ഒരു തുളസീദളം അവന്റെ മൂര്‍ധാവില്‍ വന്നു വീഴുകയായി. അന്നു മുതല്‍ രാംബോല, ആചാര്യന് തുളസീദാസായി.
‘ഹനുമാന് ചാലീസ’ എന്ന സ്തോത്രകൃതി എഴുതി പെരുമ നേടാന്‍ തുടങ്ങവേ, ഗുരു ശിഷ്യനെ ഗുരുകുല വാസത്തിനായി കാശിയിലെ ശേഷമുനിയുടെ സമീപത്തേക്ക് അയച്ചു. വേദേതിഹാസങ്ങളും ഉപനിഷത്തും പുരാണങ്ങളും അദൈ്വതചിന്തയും നേടി ആത്മവിഭൂതിയില് തുളസീദാസ്, രാമചരിതം പാടി നടന്നു.
ഗുരുകുലത്തില്‍ പതിവായുള്ള രാമായണ പ്രഭാഷണം ഭക്തര്‍ക്ക് അറിവിന്റെ അമൃതധാരയായി. ധര്മപത്നി രത്നാവലിയും ആത്മീയപാതയില്‍ കവിയെ പിന്തുടരുകയായിരുന്നു. ക്രമേണ തുളസീദാസ് സംന്യാസത്തിന്റെ പൂര്ണജീവനം സ്വീകരിച്ചു. ആ യാത്രാ സമാധിയില്‍ ജഗന്നാഥപുരി, രാമേശ്വരം, ദ്വാരാവതി, ബദരികാശ്രമം, ഹിമാലയ സാനുക്കള്‍ എന്നിവ പിന്നിടുകയായിരുന്നു. രാമസാക്ഷാത്ക്കാരം നേടിയ തുളസീദാസ് അയോധ്യയിലെ സരയൂതീരത്തിരുന്നാണ് ‘ശ്രീരാമചരിതമാനസ്’ എഴുതാന്‍ തുടങ്ങിയത്. സംസ്കൃത പണ്ഡിതനായിരുന്നെങ്കിലും അവധ് ഭാഷയിലാണ് ആ അമൃതകൃതിയുടെ രചന. ‘വിനയ പത്രിക,’ ‘രാം ലലാന ഹഛു’ എന്നീ ഭക്തിമയ കാവ്യങ്ങള്‍ ഉത്തമമായ രാമയോഗവൈഭവം ഉള്‍ക്കൊള്ളുന്നു. ഭരണാധികാരികളുടെ അധര്മചാരിത്വത്തെ പ്രതിരോധിക്കാനായി എഴുതിയ കൃതിയാണ് ‘ദോഹാവലി’. ഇതുമൂലമുണ്ടായ അനിഷ്ടസംഭവങ്ങളില്‍ മനസ്സു മടുത്താണ് തുളസീദാസ് കാശിയിലെത്തുന്നത്.
നവോത്ഥാനത്തിന്റെ മഹാശയങ്ങളാണ് ‘രാമചരിതമാനസ’ത്തിന് യോഗാത്മകതയുടെ ചിറകുകളേകിയത്. മീരാബായ്, സൂര്‍ദാസ്, നന്ദദാസ്, ബനാറസി ദാസ്, റഹിം, കേശവദാസ്, ഹിത്ഹരിവംശ് എന്നിവര്‍ തുളസീദാസിനെ ഗുരുവായി സ്വീകരിക്കുകയായിരുന്നു. ഗംഗാതടങ്ങളില്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ആഞ്ജനേയനെ പ്രതിഷ്ഠിച്ച് ഭക്തി ശക്തിയുടെ ആന്ദോളനങ്ങളാണ് മഹാകവി സൃഷ്ടിച്ചത്. ‘പരം പൊരുള്‍ ഒന്നേയുള്ളൂ’ എന്ന അദൈ്വതവിദ്യയാണ് രാമനെയും ഹനുമാനേയും മഹാദേവനെയും സേവിച്ച ആ ഋഷികവിയുടെ അക്ഷരവെളിച്ചം.
എണ്ണമറ്റ ചരിത്രകഥകളും ഐതിഹ്യങ്ങളും പഴങ്കഥകളും തുളസീദാസിനു ചുറ്റും സൗരഭം വീശുന്നുണ്ട്. അവയെല്ലാം ഉണര്‍ത്തുന്നത് ഭക്തിവിഭക്തി ചൈതന്യത്തിന്റെ മന്ദാരപ്പൊലിമ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: