തിരുവനന്തപുരം: കൊറോണ വൈറസ് സംശയമുള്ള 980 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 815 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത അതിശക്തമാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒമ്പത് പരിശോധനകള്‍ നടത്തി. അവയെല്ലാം നെഗറ്റീവാണ്. തിരുവനന്തപുരത്ത് ഇന്ന് മുതല്‍ പരിശോധന തുടങ്ങും.
ഇതു കൂടാതെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും സ്റ്റേറ്റ് പബ്ലിക് ലാബിലും എയര്‍പോര്‍ട്ടുള്ള ജില്ലകളിലും പരിശോധനാ സംവിധനത്തിനായി അനുമതി ചോദിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 ന് മുകളില്‍ പ്രായമുള്ള രണ്ട്പേര് ഹൈ റിസ്കിലുള്ളവരാണ്. രണ്ടുപേരുടേയും ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുറേ പേരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. മാപ്പിങ് തയാറാക്കിയാണ് ഇവര്‍ പോയ സ്ഥലങ്ങള്‍ കണ്ടെത്തിയത്. ഇത് ഇന്ന് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ നല്‍കും. തീയതി, സമയം, സ്ഥലം എന്ന രീതയില്‍ നല്കുന്ന വിവരങ്ങളില്‍ നിന്ന് മറ്റുള്ളവര്‍ക്ക് തങ്ങള്‍ ആസമയത്ത് അവിടെ ഉണ്ടായിരുന്നോ എന്ന് മനസ്സിലാക്കാന്‍ കഴിയും. ഇത് വഴി കൂടുതല്‍ പോരെ കണ്ടെത്താനാകും.
എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടേയും വിവരങ്ങള്‍ ശേഖരിച്ച് വരുന്നുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്ന വിമാനങ്ങളില്‍ എത്തിയ മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഒരു സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ചിട്ടില്ല. ആയുഷ് മേഖലയ്ക്കും അവധിയില്ല. പ്രൈവറ്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: