ബെംഗളൂരു: കര്‍ണാടക ശിവമൊഗ്ഗയിലെ കര്‍ഷകര്‍ നേരിട്ട പ്രധാനപ്രശ്‌നമായിരുന്നു നെല്‍വിളകള്‍ നശിക്കുന്നത്. ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ശിവമൊഗ്ഗ യൂണിവേഴ്‌സിറ്റിയിലെ അഗ്രികള്‍ച്ചകര്‍ ആന്‍ഡ് ഹോര്‍ട്ടി കള്‍ച്ചറല്‍ സയന്‍സ് വിഭാഗം.
ഇവര്‍ പുതുതായി കണ്ടുപിടിച്ച കൂടുതല്‍ രോഗപ്രതിരോധ ശേഷിയും ഗുണഫലങ്ങളും അടങ്ങിയ വിത്താണിത്. ചുവന്ന അരി നല്‍കുന്ന നെല്‍വിത്തിന് ‘സഹ്യാദ്രി മേഘ’ എന്നാണ് പേരിട്ടത്. വികസിപ്പിച്ചെടുത്ത നെല്‍വിത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. മികച്ച പ്രതികരണമാണ് കര്‍ഷകരില്‍ നിന്ന് ലഭിച്ചതെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
നിലവില്‍ നെല്‍ക്കൃഷി നേരിടുന്ന എല്ലാ രോഗങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ളവയാണ് സഹ്യാദ്രി മേഘയെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ശിവമൊഗ്ഗ, ചിക്കമംഗളൂരു, ദാവന്‍ഗരെ എന്നിവിടങ്ങളിലായി നടത്തിയ പരീക്ഷണത്തില്‍ രോഗപ്രതിരോധ ശേഷിയുള്ളവയാണെന്നു തെളിഞ്ഞതോടെ നെല്‍വിത്തിന് സംസ്ഥാന സീഡ് സബ് കമ്മിറ്റി അംഗീകാരം നല്‍കി. അടുത്ത വിരിപ്പു കൃഷി സമയത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
മുന്‍പ് കര്‍ഷകര്‍ വിളവെടുത്തിരുന്നത് ജ്യോതി എന്നയിനം നെല്ല് ആയിരുന്നു. ഭദ്ര-തുംഗ റിസര്‍വോയര്‍ മേഖലകള്‍, സോരബ് പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍, ശിഖാരിപൂര്‍, ഹനഗല്‍, സിര്‍സി താലൂക്ക് എന്നിവിടങ്ങളില്‍ വ്യാപകമായി വിളവെടുപ്പ് നടത്തിയിരുന്നത് ജ്യോതിയായിരുന്നു. എന്നാല്‍, വേഗത്തില്‍ രോഗങ്ങള്‍ ബാധിച്ച് നശിച്ചുപോയിരുന്നു. വ്യാപകമായ പൂപ്പല്‍ ആക്രമണങ്ങളും ഇത് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ ഭാഗത്തു നിന്ന് പെട്ടെന്നു നശിച്ചുപോകാത്ത നെല്‍വിത്തിനായുള്ള ആവശ്യമുയര്‍ന്നത്.
പ്രോട്ടീനും ഫൈബറും അടങ്ങിയ ജ്യോതി നെല്‍വിത്തിന്റെയും രോഗ പ്രതിരോധശേഷി കൂടുതലുള്ള അക്കാലു നെല്‍വിത്തിന്റെയും മിശ്രിതമാണ് സഹ്യാദ്രി മേഘ. അതിനാല്‍, ഈ മൂന്നു ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. സഹ്യാദ്രി മേഘ നെല്ലിനത്തില്‍ അടങ്ങിയിരിക്കുന്നത് 12.48 ശതമാനം പ്രോട്ടീനുകളാണ്. മറ്റുള്ള ചുവന്ന അരികളില്‍ നിന്ന് വളരെ കൂടുതലാണിത്. ഗുണപ്രദമായതു കൊണ്ടു തന്നെ നഗര മേഖലയില്‍ ഈ ഇനത്തിന് ആവശ്യക്കാര്‍ കൂടുതലാണ്.
ഓരു ഹെക്ടറില്‍ ഇത് കൃഷി ചെയ്യുമ്പോള്‍ 65 ക്വിന്റല്‍ നെല്ലു ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റു ചുവന്ന നെല്ലിനങ്ങളെ അപേക്ഷിച്ച് ഇതു വളരെ വലിയ തോതാണ്. 120 ദിവസമാണ് വിളവെടുപ്പ് കാലാവധി. കാലവര്‍ഷം താമസിച്ചാലും ഈ വിത്തിനം പാകാം.
വിത്തിനത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ശിവമൊഗ്ഗ യൂണിവേഴ്‌സിറ്റിയിലെ ജെനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ് വിഭാഗം പ്രൊഫ. ദുഷ്യന്ത കുമാര്‍ പറഞ്ഞു. നിലവില്‍ നെല്‍ കര്‍ഷകര്‍ കൂടുതല്‍ ലാഭത്തിനായി വാണിജ്യവിളകളായ ഇഞ്ചി, അടയ്‌ക്ക തുടങ്ങിയ കൃഷി ഇനങ്ങളിലേക്കു മാറി തുടങ്ങിയിട്ടുണ്ട്. സഹ്യാദ്രി മേഘ ഇതിനൊരു മാറ്റം വരുത്തുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: