കൊട്ടിയം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിദഗ്ധരുടെ സംഘം നെടുമ്പന ഇളവൂരിലെത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വത്സല എന്നിവരടങ്ങിയ സംഘം ചാത്തന്നൂര്‍ എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പം പള്ളിമണ്‍ ഇളവൂരിലുള്ള ദേവനന്ദയുടെ വീട്ടിലെത്തിയത്.
ദേവനന്ദയുടെ അമ്മ ധന്യ തുണി കഴുകി കൊണ്ടിരുന്ന സ്ഥലവും വീടിന് പുറകുവശവും വീടിനുള്ളില്‍ കുട്ടി നിന്നിരുന്ന മുറിയും അലക്കു കല്ലിനടുത്തെ ജനാലയും പരിശോധിച്ചു. തുടര്‍ന്ന് വീടിനടുത്തുള്ള റോഡരികിലെ ഇത്തിക്കര ആറിന്റെ കൈവരിയായ പള്ളിമണ്‍ ആറിന്റെ ഇളവൂര്‍ ഭാഗത്തെ കുളിക്കടവിലെ കല്‍പ്പടവുകളും ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും ഷാള്‍ കാണപ്പെട്ട നടപ്പാലവും സന്ദര്‍ശിച്ചു. നടപ്പാലത്തിന് സമീപത്തെ ആറിന്റെ ആഴം അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. ആറിന് നടുവില്‍ പാറയുള്ള സ്ഥലവും കാടുപോലെ ചെടികള്‍ വളര്ന്നുനില്ക്കുന്ന സ്ഥലവും സന്ദര്‍ശിച്ചു.
ആദ്യം അന്വേഷണസംഘത്തിന്റെ ചുമതലയുണ്ടായിരുന്ന എ സിപി അനില്‍കുമാര്‍, കണ്ണനലൂര്‍ സിഐ വിപിന്‍കുമാര്‍, എസ്ഐ സുന്ദരേശന്, ഇപ്പോള്‍ അന്വേഷണചുമതലയുള്ള ചാത്തന്നൂര്‍ എസിപി ജോര്‍ജ് കോശി, എസ്ഐ നിയാസ് എന്നിവരില്‍ നിന്ന് വിവരങ്ങള്‍ സംഘം ശേഖരിച്ചു. ഫൊറന്‍സിക് സംഘം എത്തുന്നതറിഞ്ഞ് വന്‍ജനാവലിയാണ് ആറ്റുതീരത്തും ദേവനന്ദയുടെ വീടിന്റെ പരിസരത്തും തടിച്ചുകൂടിയിരുന്നത്. ഒരു മണിക്കൂറോളം സ്ഥലത്ത് ചെലവിട്ട് സംഭവസ്ഥലത്തെ ഫോട്ടോകളും എടുത്താണ് സംഘം മടങ്ങിയത്. തുടര്‍ന്ന് ദേവനന്ദയുടെ കുടവട്ടൂരിലെ വീട്ടിലും സംഘം സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: