കോട്ടയം: എട്ടുവര്‍ഷത്തിനിടെ 33 ദുരൂഹ മരണങ്ങള്‍, അതില്‍ ആറെണ്ണം ആത്മഹത്യ. ഒരെണ്ണത്തിനു പോലും കേസില്ല. ആത്മഹത്യ ചെയ്തവര്‍ക്കുപോലും പോസ്റ്റുമോര്‍ട്ടമില്ല. ഇതെല്ലാം അരങ്ങേറിയിട്ടും ചങ്ങനാശ്ശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രം അടിക്കടി തഴച്ചു. ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടി അന്തേവാസികളെയാണ് ഇവിടെ താമസിപ്പിക്കുന്നത്. അന്തേവാസികളുടെ മരണം നിസ്സാരവത്കരിച്ച് അവതരിപ്പിക്കുന്നതിനു പിന്നില്‍ ഉന്നത സ്വാധീനമെന്ന് ആരോപണം ഉയരുന്നു.
ചങ്ങനാശേരി പായിപ്പാട്ട് പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ മരണങ്ങളുടെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 2012 മുതല്‍ 2020 വരെ 33 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ആറ് പേര്‍ ആത്മഹത്യ ചെയ്തതാണ്.
ഇരുപത്തിരണ്ടു പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഇവിടെ 66 അന്തേവാസികളുണ്ട്. പായിപ്പാട് പഞ്ചായത്തില്‍പ്പെട്ട കോട്ടമുറി ഭാഗത്ത് പാടം നികത്തിയ സ്ഥലത്ത് 2012ലാണ് അമ്മവീട് എന്ന പേരില്‍ കേന്ദ്രം ആരംഭിച്ചത്. തുടര്‍ന്ന് സമീപപ്രദേശത്തെ 93 സെന്റ് പാടവും വാങ്ങി മണ്ണിട്ടുയര്‍ത്തി കെട്ടിടം സ്ഥാപിച്ചു. കെട്ടിടത്തിന് നമ്പറിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോളാണ് പഞ്ചായത്ത് അധികാരികള്‍ അറിയുന്നത് കെട്ടിടം സ്ഥിതിചെയ്യുന്നത് പാടംനികത്തിയ സ്ഥലത്താണെന്ന്. അതോടെ കേന്ദ്രത്തിന്റെ അപേക്ഷ പഞ്ചായത്ത് തള്ളി.
കഴിഞ്ഞമാസം ഒരാഴ്ചക്കുള്ളില്‍ മൂന്ന് അന്തേവാസികള്‍ ഇവിടെ മരിച്ചതോടെയാണ് ഇവിടുത്തെ പ്രശ്‌നങ്ങളെപ്പറ്റി പുറംലോകം ചര്‍ച്ച ചെയ്തു തുടങ്ങിയത്. കൂടുതല്‍ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഷെറിന്‍ (44), ഗിരീഷ്(41), ഏബ്രഹാം യൂഹാനോന്‍(21) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. ആറ് അന്തേവാസികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സയിലാണ്. മരിച്ച 33 പേരില്‍ പതിനാറ് പേര്‍ 60 വയസില്‍ താഴെയുള്ളവരും ബാക്കിയുള്ളവര്‍ അറുപത് വയസിന് മുകളില്‍ ഉള്ളവരുമാണ്. മാനസികരോഗികളെയും മദ്യപാനികളെയുമാണ് ഇവിടെ ചികിത്സിക്കുന്നത്. അമിതമായ തുകയാണ് ഇവരുടെ ബന്ധുക്കളില്‍ നിന്നും ഈടാക്കുന്നത്.
ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എഡിഎം അനില്‍ ഉമ്മന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ കേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ല. അതുകൊണ്ട് തന്നെ പകര്‍ച്ചവ്യാധികള്‍ പടരാനും കാരണമാകുന്നു. ഇവിടുത്തെ അന്തേവാസികള്‍ക്ക് ന്യൂമോണിയ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരിച്ച രണ്ടുപേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കിയിരുന്ന മരുന്നുകളിലെ ഈയത്തിന്റെ അളവും പരിശോധിക്കുന്നുണ്ട്. ഈയത്തിന്റെ അളവ് കൂടിയാലും മരണം സംഭവിക്കാം. സംഭവം വിവാദമായതോടെ 17 അന്തേവാസികളെ വീട്ടുകാര്‍ കൊണ്ടുപോയി. സ്ഥാപനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് പായിപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കണ്ണന്‍ പറഞ്ഞു.
















