കോട്ടയം: പായിപ്പാട് പഞ്ചായത്ത് കോട്ടമുറിയിലെ പുതുജീവന്‍ ട്രസ്റ്റ് അഗതി മന്ദിരത്തിലെ അന്തേവാസികളുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം റീജണല്‍ ഫോറിന്‍സിക് ലാബില്‍ നിന്നും ആന്തരിക അവയവ പരിശോധനാഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂ. രോഗികള്‍ക്ക് ഉയര്‍ന്ന അളവില്‍ മരുന്ന് നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. പരിശോധനാഫലങ്ങള്‍ കിട്ടിയാല്‍ മാത്രമെ പോലീസും തുടര്‍ നടപടി സ്വീകരിക്കൂ.
മാനസിക രോഗ, ലഹരിവിമുക്ത ചികിത്സാ കേന്ദ്രമായ പുതുജീവനില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയത്. ആറ് അന്തേവാസികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മൂന്നു പേര് മരിച്ചത് പകര്‍ച്ചവ്യാധി മൂലമല്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം, കേന്ദ്രത്തിനുള്ള ലൈസന്‍സ് പഞ്ചായത്ത് പുതുക്കി കൊടുത്തിട്ടില്ലെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞെന്ന് ആരോഗ്യ വകുപ്പ് ജില്ലാ അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് കോടതിയെ സമീപിച്ചാണ് അടുത്ത മാര്‍ച്ച് വരെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നേടിയത്. പ്രദേശത്ത് മാലിന്യ പ്രശ്നമുണ്ടാക്കുന്നതിനാല് ഈ സ്ഥാപനത്തിനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: