തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈന്ദവ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പിടിച്ചെടുക്കാനുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്തെ ഹൈന്ദവ കലാ സാംസ്കാരിക കേന്ദ്രമായ തീര്‍ത്ഥപാദമണ്ഡപത്തിനു നേരെയുണ്ടായ നടപടി. മണ്ഡപം ശനിയാഴ്ച രാത്രി സര്‍ക്കാര്‍ പിടിച്ചെടുത്തതോടെ ചട്ടമ്പിസ്വാമി ക്ഷേത്രത്തിലെ നിത്യപൂജ മുടങ്ങി. വിദ്യാധിരാജ ട്രസ്റ്റിന്റെ (ചട്ടമ്പി സ്വാമികള്‍) കൈവശമുണ്ടായിരുന്ന തീര്‍ത്ഥപാദ മണ്ഡപവും, 65 സെന്റ് സ്ഥലവും സര്‍ക്കാര്‍ ഇരുട്ടിന്റെ മറവില്‍ പൂട്ട് പൊളിച്ച് ബലമായി കൈവശപ്പെടുത്തുകയായിരുന്നു. ഏറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് കായികമായി നേരിട്ടു. വിശ്വാസികളില്‍ നിന്നും സാംസ്കാരിക കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് ഹൈന്ദവ ഐക്യം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം വിശ്വാസികളുടെ കൈയില്‍ നിന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനെ കൊണ്ട് പിടിച്ചെടുത്താണ് പിണറായി സര്‍ക്കാര്‍ ഹൈന്ദവ വേട്ട ആരംഭിച്ചത്. ഇതേ ദേവസ്വം ബോര്‍ഡ് പാലക്കാട് ഒറ്റപ്പാലം ചാത്തന്‍കണ്ടാര്‍ക്കാവ്, കോഴിക്കോട് കൊയിലാണ്ടി കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം, കാസര്‍കോട് തളിപ്പറമ്പ് ചന്ദ്രനെല്ലൂര്‍ ഭഗവതി ക്ഷേത്രം, പാലക്കാട് പാലത്തറ ഭഗവതി ക്ഷേത്രം എന്നീ ഹൈന്ദവ ആരാധനാലയങ്ങളും ഏറ്റെടുത്തു. തലസ്ഥാനത്തെ തന്നെ കള്ളിക്കാട് കുന്നില്‍ ശിവക്ഷേത്ര ഭൂമി കേരളാ വാട്ടര്‍ അതോറിറ്റിയുടെ പ്രോജക്റ്റിന് വേണ്ടി കൈയേറാനുള്ള ശ്രമവും നടക്കുന്നു. ഇവിടെ ശിവരാത്രി ദിവസം പൂജ നടത്തുന്നത് പോലീസിനെ ഉപയോഗിച്ച് തടയാനും സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം റവന്യൂ അധികൃതര്‍ ശ്രമിച്ചിരുന്നു.
നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിയുടെ തലസ്ഥാനത്തെ ഒരേയൊരു സ്മാരകമായ കിഴക്കേക്കോട്ടയിലെ തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുക്കാന്‍ കുറച്ചുകാലമായി സര്‍ക്കാര്‍ ശ്രമിക്കുന്നു. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തും ഇടതു ഭരണകൂടം മണ്ഡപം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കോടതി തടഞ്ഞു. നഗരത്തില്‍ തന്നെ ഇതര മതസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കെട്ടിടങ്ങളും സ്ഥാപനങ്ങളും പുറമ്പോക്കില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ഇവര്‍ക്കെതിരെ നടപടികളൊന്നുമെടുക്കാതെ തിടുക്കത്തില്‍ തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്തത്. വെള്ളിയാഴ്ച്ച വൈകിട്ട് ഓഫീസ് സമയം കഴിഞ്ഞപ്പോള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ രാത്രിയില്‍ റവന്യൂ ഉേദ്യാഗസ്ഥരും പോലീസും ചേര്‍ന്ന് മണ്ഡപം സീല്‍ ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: