തിരുവനന്തപുരം: ഇറാനിലും കോറോണ വൈറസ് ബാധ വ്യാപകമായതോടെ നാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. പാഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നും പോയ പതിനേഴു പേരാണ് ഇത്തരത്തില്‍ പുറത്തേക്ക് ഇറങ്ങാന്‍ പോലുമാകാതെ മുറിയില്‍ അകപ്പെട്ട് കഴിയുന്നത്.
കോവിഡ്19 ഭീഷണിയെത്തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത്. നാലു മാസം മുമ്പാണ് ഇരുനൂറോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയത്. ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇപ്പോഴുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു.
ഒരു മുറിയില്‍ ഇരുപത്തിമൂന്നോളം പേരാണുള്ളത്. ഇതില്‍ പതിനേഴു പേരാണ് തിരുവനന്തപുരത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍. ആഹാരം പോലും ലഭിക്കുന്നതിന് ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിവരം. ഇവരുടെ സംഘത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരുമുണ്ടെന്നാണ് സൂചന. അതേസമയം, ഇത്തരത്തില്‍ എണ്ണൂറോളം പേര് വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഇറാനിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങളും വിലാസവും നോര്‍ക്കയ്ക്ക് കൈമാറുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: