കൊല്ലം: ആറു വയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദുരൂഹത നീക്കാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും ഫൊറന്‍സിക് വിദഗ്ധരും ഇന്ന് സംഭവസ്ഥലത്തെത്തും. ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനുള്ളില്‍ മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
ശ്വാസകോശത്തിലും ആമാശയത്തിലും ചെളിയും വെള്ളവും ഉണ്ടായിരുന്നു. കുട്ടിയെ കാണാതായി നിമിഷങ്ങള്‍ക്കകം തന്നെ വ്യാപക തെരച്ചില്‍ ആരംഭിച്ചതാണ്. പുഴയിലും കിണറുകളിലുമടക്കം പരിശോധിച്ചു. ഫയര്‍ഫോഴ്സ് എത്തിയപ്പോള്‍ പുഴയിലെ പരിശോധന കൂടുതല്‍ വ്യാപകമാക്കി. ആ നിലയില്‍ ഒരു മണിക്കൂര്‍ വരെ കുട്ടി വെള്ളത്തില്‍ കിടന്നതായി വിശ്വസിക്കാന്‍ പോലീസിനുമാകുന്നില്ല.
വീടിനുള്ളിലെ ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതില്‍ തുറന്ന് പൊന്തക്കാട്ടിനിടയിലൂടെ നൂറുമീറ്ററോളം നടന്ന് ആറ്റിലേക്ക് എത്താനുള്ള സാധ്യത വളരെ കുറവാണെന്ന് അന്വേഷണസംഘം ആദ്യഘട്ടത്തില്‍ വിലയിരുത്തിയിരുന്നു. ഇത്രയും ദൂരം കുട്ടി നടന്നുപോയത് ഒരാളുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും അവിശ്വസനീയമാണ്. പുഴയില്‍ നിന്നു ലഭിച്ച ഷാളുമായി ബന്ധപ്പെട്ട് ദുരൂഹതകളില്ലെന്നാണ് പോലീസ് പറയുന്നത്. ഷാള്‍ നഷ്ടപ്പെട്ട കാര്യം കുട്ടിയുടെ അമ്മ തന്നെ പറഞ്ഞതാണ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ശേഷമാണ് ഷാള്‍ പുഴയില്‍ നിന്നു കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: