കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രകാരം കേരളത്തില്‍നിന്ന് ആദ്യം തെരഞ്ഞെടുക്കപ്പെട്ട കൊച്ചിയില്‍ പ്രവര്‍ത്തനം അവതാളത്തില്‍. 2016ല്‍ ആരംഭിച്ച പദ്ധതി നാല് വര്‍ഷം പിന്നിടുമ്പോള്‍ കേന്ദ്ര ഫണ്ടിന്റെ 26 ശതമാനം മാത്രമാണ് കൊച്ചിയില്‍ ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേന്ദ്രം അനുവദിച്ച ആദ്യ ഗഡുവായ 197.51 കോടി രൂപയില്‍ വിനയോഗിച്ചത്് 51.95 കോടി മാത്രം. ആദ്യ ഗഡു ചെലവഴിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെട്ട നാല് പദ്ധതികള്‍ മാത്രമാണ് കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്. പദ്ധതി നടത്തിപ്പിലെ കാലതാമസത്തില്‍ കേന്ദ്ര നഗരവികസന മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഇന്ത്യയിലെ നൂറു നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഭരണസേവന സംവിധാനവും മെച്ചപ്പെടുത്താനാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും സ്വകാര്യപങ്കാളികളുടെയും വിഹിതം ചേര്‍ത്ത് 2076 കോടി രൂപയുടെ വികസനപദ്ധതികള്‍ കൊച്ചി നഗരത്തില്‍ ആസൂത്രണം ചെയ്തു. പദ്ധതിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പ്രത്യേകോദ്ദേശ്യ കമ്പനി(സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം മന്ദഗതിയിലാണ്. സമയബന്ധിതമായി നടപ്പാക്കാനായില്ലെങ്കില്‍ അര്‍ഹമായ പണം നഷ്ടപ്പെടും.
മെട്രോ നഗരമായി വികസിക്കുമ്പോഴുള്ള പ്രാദേശിക അന്തരങ്ങള്‍ പരിഹരിക്കാനും അതുവഴി നഗര സാമൂഹികഘടനയിലെ വെല്ലുവിളികള്‍ നേരിടാനും കൊച്ചിയെ പ്രാപ്തമാക്കാന്‍ ഉതകുന്ന വിഭവമാണ് ഈ അനാസ്ഥ കാരണം പാഴായിപ്പോകുന്നത്. അഞ്ചാം റാങ്ക് നേടി സ്മാര്‍ട്ട്സിറ്റി പട്ടികയില്‍ ഇടം നേടിയ കൊച്ചി, ഇപ്പോള്‍ രണ്ടാം ഘട്ടത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരത്തേക്കാള്‍ ഏറെ പിന്നിലാണ്. പദ്ധതി വേഗത്തിലാക്കുന്നതിന് ആഗസ്തില്‍ നടന്ന സ്പെഷ്യല്‍ കൗണ്‍സില്‍ നിരവധി പരിപാടികള്‍ക്ക് രൂപം നല്‍കിയെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.
നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. സമയബന്ധിതമായി അംഗീകാരം നല്കാന് നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഭരണപരമായ അനിശ്ചിതാവസ്ഥയാണ് കാരണം. എറണാകുളം മാര്‍ക്കറ്റ് നവീകരണം, ഭവനപദ്ധതി എന്നിവ തടസപ്പെട്ടു. മുല്ലശ്ശേരി കനാല്‍, മാര്‍ക്കറ്റ് കനാല്‍, കല്‍വത്തി കനാല്‍ എന്നിവയുടെ ശുചീകരണത്തിനും നവീകരണത്തിനുമായുള്ള 40 കോടി രൂപയുടെ പദ്ധതി പാഴാകുന്ന അവസ്ഥയിലാണ്. പടിഞ്ഞാറന്‍ കൊച്ചിയില്‍ മലിനജല സംസ്കരണ പ്ലാന്റ്, എറണാകുളം മാര്‍ക്കറ്റിന്റെ നവീകരണം, ബ്രോഡ്വേ പുനരുദ്ധാരണം എന്നിവയുടെ 276 കോടി രൂപയുടെ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പേലും ഇതുവരെ ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ടിനും കൊതുകുശല്യത്തിനുമൊക്കെ പരിഹാരം കാണാന്‍ കഴിയുന്ന ബൃഹത്തായ പദ്ധതിയാണ് ഭരണാധികാരികളുടെ അലംഭാവം മൂലം ഇല്ലാതാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: