കൊച്ചി: കൊറോണ രോഗ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി ജെയ്നേഷാണ് മരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ആദ്യ പരിശോധനയില്‍ കോവിഡ്-19 (കൊറോണ) ബാധ സ്ഥിരീകരിച്ചിരുന്നില്ല. രണ്ടാമത് അയച്ച സാമ്പിളിന്റെ ഫലം വന്നിട്ടില്ല.
മലേഷ്യയില്‍ നിന്നെത്തിയ ജെയ്നേഷ് രണ്ട് ദിവസം മുന്‍പാണ് പനിയെ തുടര്‍ന്ന് അഡ്മിറ്റായത്. വൈറല്‍ ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ഇയാളെ വെന്റിലേറ്ററിലാക്കി. വ്യാഴാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തിലെത്തിയ ഇയാള്‍ പരിശോധനയ്ക്ക് വിധേയനായിരുന്നു. അവിടെ നിന്നാണ് ഇയാളെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ജെയ്നേഷിന്റെ മൃതദേഹം രണ്ടാമത്തെ പരിശോധനാഫലം വന്ന ശേഷമുള്ള നടപടികള്‍ക്ക് ശേഷം പയ്യന്നൂരിലേക്ക് കൊണ്ടുപോകും.
വുഹാനില്‍ നിന്ന് വന്ന 112 പേര്‍ക്കും കൊറോണയില്ല
ന്യൂദല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ചാവ്ലയിലെ കേന്ദ്രത്തില്‍ എത്തിച്ച 112 പേര്‍ക്കും കൊറോണ ഇല്ലെന്ന് പരിശോധനാ ഫലം. കഴിഞ്ഞ ദിവസം ന്യൂദല്‍ഹി വിമാനത്താവളത്തിലെത്തിച്ച ശേഷം ഇവരുടെ ആദ്യ സാമ്പിളുകള്‍ എയിംസിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ലഭിച്ചത്.
വുഹാനില്‍ നിന്നെത്തിയ 112 പേരില്‍ 76 ഇന്ത്യക്കാരും 36 വിദേശികളുമാണുള്ളത്. വിദേശികളില്‍ 23 ബംഗ്ലാദേശികള്‍, ആറ് ചൈനക്കാര്‍, മ്യാന്മര്, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര് വീതം, ദക്ഷിണാഫ്രിക്ക, അമേരിക്ക, മഡഗാസ്കര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണുള്ളത്.
നിരീക്ഷണം പൂര്‍ത്തിയാകുന്ന പതിനാലാം ദിവസം വീണ്ടും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. ഇതിന്റെ ഫലവും നെഗറ്റീവായാല്‍ മാത്രമേ 112 പേരെയും നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് വിട്ടയയ്ക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: