ചങ്ങനാശ്ശേരി: പായിപ്പാട് കോട്ടമുറിക്ക് സമീപത്തെ അഗതിമന്ദിരത്തില്‍ ഒരാഴ്ചക്കിടെയില്‍ മൂന്ന് അന്തേവാസികള്‍ മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇവിടെ 60 അന്തേവാസികളാണുള്ളത്.
മാനസിക രോഗ, ലഹരിവിമുക്ത കേന്ദ്രമായ പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള്. രണ്ട് പേര് മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. മൂന്നാമത്തെയാള്‍ ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു. എന്നാല്‍ മരണ കാരണം പകര്‍ച്ചവ്യാധിയല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ആറ് അന്തേവാസികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളൊഴിച്ച് മറ്റുള്ളവരുടെ നില തൃപ്തികരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
23ന് രാത്രിയില്‍, മുക്കൂട്ടുതറ സ്വദേശിനിയായ 44 വയസുകാരിയാണ് ആദ്യം മരിച്ചത്. മാനസിക അസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ന്യൂമോണിയയുടെ ലക്ഷണം സൂചിപ്പിച്ചിരുന്നു. തിരുവനന്തപുരം പേട്ട സ്വദേശിയായ 54 വയസ്സുള്ള രണ്ടാമത്തെ അന്തേവാസി മരിച്ചത് 27ന്്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും മുമ്പേ ബന്ധുക്കള്‍ ഏറ്റെടുത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ മരിച്ചത് 21 വയസ്സുകാരനാണ്. ഇയാളും ന്യൂമോണിയ മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മൂന്നു പേര്‍ക്കും സമാന രോഗ ലക്ഷണങ്ങളായിരുന്നു. രക്തസമ്മര്‍ദ്ദം കുറയുക, മുഖത്തും കാലുകളിലും നീരു വരിക എന്നിവയായിരുന്നു ലക്ഷണങ്ങള്‍. വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ മരണ കാരണം മയോകാര്‍ഡിറ്റ്സ് (ഹൃദയപേശികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട്) ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് എബ്രഹാം വ്യക്തമാക്കി. ഇവരുടെ ശരീരത്തിനുള്ളില്‍ വിഷാംശം എത്തിയിട്ടുണ്ടോയെന്നറിയാന്‍ സാമ്പിളുകള്‍ കൊച്ചി അമൃത ആശുപത്രിയിലെ ടോക്സിക്കോളജി വിഭാഗത്തിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അഗതി മന്ദിരം അടച്ച് പൂട്ടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന്റെ നേതൃത്വത്തിലാണ് പ്രദേശവാസികള്‍ അഗതി മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: